മെസ്സി ക്ലബ് വിടുകയാണേൽ വില കണ്ടു വെച്ച് ബാഴ്സലോണ !

മെസ്സി ബാഴ്സ വിട്ടേക്കും എന്ന തരത്തിലേക്കാണ് കാര്യങ്ങൾ ഇപ്പോൾ നീങ്ങികൊണ്ടിരിക്കുന്നത്. ഇതാദ്യമായാണ് മെസ്സി ബാഴ്സ വിടാനുള്ള ആഗ്രഹം നേരിട്ട് ബാഴ്സ മാനേജ്മെന്റിനെ അറിയിച്ചിരിക്കുന്നത്. ഇത് മാനേജ്മെന്റിനെ വലിയ രൂപത്തിലുള്ള പ്രതിരോധത്തിലാണ് ആക്കിയിരിക്കുന്നത്. മെസ്സിയെ ക്ലബ് വിടാൻ അനുവദിക്കണോ അതോ വേണ്ടയോ എന്നുള്ളത് ഇപ്പോഴും മാനേജ്മെന്റ് ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്. പക്ഷെ മെസ്സി ക്ലബ് വിടാനുള്ള താല്പര്യം നേരിട്ട് അറിയിച്ച സ്ഥിതിക്ക് അതിനുള്ള മുന്നൊരുക്കങ്ങൾ ബാഴ്സ തുടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്. മെസ്സി ക്ലബ് വിടണമെന്ന് ഉറപ്പിച്ചാൽ താരത്തിന് വേണ്ടിയുള്ള വില ബാഴ്സ നിശ്ചയിച്ചു കഴിഞ്ഞു. അതായത് വേൾഡ് റെക്കോർഡ് തുകക്ക് മാത്രമേ മെസ്സിയെ വിൽക്കുകയൊള്ളൂ എന്നാണ് ബാഴ്സയുടെ നിലപാട്. സ്പാനിഷ് മാധ്യമമായ എഎസ്സ് ആണ് ഈ വാർത്തയുടെ ഉറവിടം.

വേൾഡ് റെക്കോർഡ് തുകയായ 222 മില്യൺ യുറോക്ക് മുകളിലുള്ള തുക ലഭിച്ചാൽ മാത്രമേ മെസ്സിയെ വിൽക്കുകയൊള്ളൂ എന്നാണ് ബാഴ്സലോണയുടെ നിലപാട് എന്നാണ് കറ്റാലൻ ബ്രോഡ്കാസ്റ്റർ ആയ ആർഎസി വൺ പറയുന്നത്. മുമ്പ് ബാഴ്സ തന്നെയാണ് ഈ വേൾഡ് റെക്കോർഡ് തുക കൈപ്പറ്റിയ ക്ലബും. സൂപ്പർ താരം നെയ്മർ ജൂനിയറെയാണ് ബാഴ്സ 222 മില്യൺ യുറോക്ക് പിഎസ്ജിക്ക് കൈമാറിയത്. അതായത് സിറ്റിക്ക് മെസ്സിയെ ക്ലബിൽ എത്തിക്കണമെങ്കിൽ പണം നന്നായി എറിയേണ്ടി വരുമെന്നർത്ഥം. പക്ഷെ മെസ്സിയെ പിടിച്ചു നിർത്താനുള്ള എല്ലാ ശ്രമങ്ങളും ബാഴ്സ നടത്താൻ സാധ്യതയുണ്ട്. ആരാധകർക്കിടയിലും വലിയ പ്രതിഷേധമാണ് നടക്കുന്നത്. മെസ്സിയുടെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ മുമ്പ് തന്നെ ആരംഭിച്ചിരുന്നുവെങ്കിലും 8-2 ന്റെ തോൽവി ഇക്കാര്യത്തെ വഷളാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *