മെസ്സിയേയും റാമോസിനെയും നിങ്ങൾ അപമാനിച്ചില്ലേ? ലാലിഗയെ അക്കമിട്ട് നിരത്തി വിമർശിച്ച് ലീഗ് വൺ ചീഫ്!

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ കരാർ പുതുക്കിയത് ഫുട്ബോൾ ലോകത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ ലാലിഗ പ്രസിഡന്റായ ഹവിയർ ടെബാസ് പിഎസ്ജിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.എംബപ്പേയുടെ കരാർ പുതുക്കിയ രീതി ഫുട്ബോളിന് തന്നെ അപമാനമാണ് എന്നായിരുന്നു ടെബാസ് ആരോപിച്ചിരുന്നത്.

എന്നാൽ ഇതിന് തക്കവണ്ണമുള്ള ഒരു മറുപടി ലീഗ് വൺ ചീഫായ വിൻസെന്റ് ലബ്രൂൺ നൽകിയിട്ടുണ്ട്. നിരവധി കാര്യങ്ങൾ അക്കമിട്ട് നിരത്തി കൊണ്ടാണ് അദ്ദേഹം ലാലിഗയെ വിമർശിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” കഴിഞ്ഞ കുറേ വർഷങ്ങൾക്കിടെ റയൽ മാഡ്രിഡും ബാഴ്സയും ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ഒരുപാട് റെക്കോർഡുകൾ തകർത്തിട്ടുണ്ട്. 6 തവണയാണ് ഈ രണ്ട് ക്ലബ്ബുകളും റെക്കോർഡ് തകർത്തിട്ടുള്ളത്.സാലറിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന രണ്ട് താരങ്ങളാണ് റയലിന്റെ ബെഞ്ചിലിരിക്കുന്നത് “.

” ഇനി കടത്തിന്റെ കാര്യം പരിശോധിക്കുകയാണെങ്കിൽ ബാഴ്സക്ക് കടമായി കൊണ്ട് 1.5 ബില്യൺ യുറോയാണ്. എന്നിട്ടും അവർ ക്രയവിക്രയങ്ങൾ നടത്തുന്നുണ്ട്. മാത്രമല്ല ബാഴ്സയും റയലും ചേർന്നാണ് സൂപ്പർ ലീഗ് രൂപീകരിച്ചത്. ഇപ്പോഴും അവർ അതിൽ തുടരുന്നു “

” സെർജിയോ റാമോസ്,ലയണൽ മെസ്സി എന്നിവർ ലാലിഗ വിട്ടുകൊണ്ട് ലീഗ് വണ്ണിലേക്ക് വന്നപ്പോൾ നിങ്ങൾ പറഞ്ഞത്,ലീഗ് വൺ പ്രായമായവർ പോവുന്ന ലീഗാണ് എന്നാണ്. നിങ്ങൾ അവരെ അപമാനിക്കുകയാണ് ചെയ്തത്. നിങ്ങളും എംബപ്പേക്ക് സമാനമായ ഓഫറാണ് നൽകിയത്. പിന്നീട് ക്ലബ്ബിനെ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ ചോയിസാണ്.ലീഗ് വൺ ഒരുപാട് താരങ്ങളെ പ്രമോട്ട് ചെയ്തിട്ടുണ്ട് എന്നുള്ള കാര്യം നിങ്ങൾ മറക്കരുത് ” ഇതാണ് ലീഗ് വൺ ചീഫ് പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *