മെസ്സിയെ വിൽക്കണമായിരുന്നുവെന്ന ബാഴ്സ പ്രസിഡന്റിന്റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് കൂമാൻ !

ഇന്നലെ ആർഎസി വൺ എന്ന മാധ്യമത്തോട് സംസാരിക്കുന്ന വേളയിലായിരുന്നു ബാഴ്സയുടെ താൽകാലിക പ്രസിഡന്റ്‌ ടുസ്ക്കെറ്റ്സ് ഒരു വിവാദപ്രസ്താവന നടത്തിയത്. സാമ്പത്തികപരമായി നോക്കുകയാണെങ്കിൽ, കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ബാഴ്‌സ മെസ്സിയെ വിൽക്കണമായിരുന്നു എന്നാണ് ഇദ്ദേഹം പ്രസ്താവിച്ചിരുന്നത്. ഇതിനെതിരെ ബാഴ്സ ആരാധകർ പ്രതിഷേധമുയർത്തിയിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ഇദ്ദേഹത്തിന്റെ പ്രസ്താവനയോട് വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് നിരവധി പേർ രംഗത്ത് വന്നിരുന്നു. ഏതായാലും ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാനും ഇത് സംബന്ധിച്ച ഒരു ചോദ്യം നേരിടേണ്ടി വന്നിരുന്നു. ടുസ്ക്കെറ്റ്സിന്റെ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു എന്നാണ് അല്പം മുമ്പ് നടന്ന വാർത്താസമ്മേളനത്തിൽ കൂമാൻ നേരിട്ട ചോദ്യം. അത്‌ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം ആകാമെന്നും എന്നാൽ തനിക്കത് ഇഷ്ടപ്പെട്ടില്ല എന്നുമാണ് കൂമാൻ ഇതിനോട് പ്രതികരിച്ചത്.
ക്ലബ്ബിനകത്തെ ആളുകൾ തന്നെ ഇത്തരം പ്രസ്താവനകൾ നടത്തിയാൽ അത്‌ ക്ലബ്ബിനുള്ളിലെ സമാധാനത്തെ തകർക്കുമെന്നാണ് കൂമാൻ തുറന്നടിച്ചു പറഞ്ഞത്.

” ഒരുപക്ഷെ അത്‌ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം ആയിരിക്കാം.പക്ഷെ എനിക്ക് ആ സെൻസിൽ അദ്ദേഹത്തിന്റെ പ്രസ്താവന ഇഷ്ടമായിട്ടില്ല. മെസ്സിക്ക് ഈ ജൂൺ വരെ അദ്ദേഹത്തിന്റെ കരാറുണ്ട്. കാര്യങ്ങൾ തീരുമാനിക്കാനുള്ള അധികാരവും അദ്ദേഹത്തിനുണ്ട്. മെസ്സിയുടെ സാഹചര്യങ്ങൾ നമുക്ക് എല്ലാവർക്കും അറിയുന്നതാണ്. മെസ്സിയുടെ ഭാവി തീരുമാനിക്കാൻ കഴിയുന്ന ഒരു വ്യക്തിയുണ്ടെങ്കിൽ അത്‌ മെസ്സി മാത്രമാണ്. പുറത്തു നിന്നുള്ള ഇത്തരം പ്രസ്താവനകളിൽ എനിക്ക് താല്പര്യമില്ല. പക്ഷെ ഇത്തരം പ്രസ്താവനകൾ ക്ലബ്ബിനകത്ത് നിന്നാണ് വരുന്നതെങ്കിൽ അതൊരിക്കലും ടീമിന് ഗുണകരമാവില്ല. വിജയങ്ങൾ നേടാനുള്ള ടീമിന്റെ തൃഷ്ണതയെ അത്‌ ബാധിക്കും. ടീമിലെ സമാധാനം അത്‌ തകർക്കും. പുറത്തു നിന്നുള്ള ആളുകളെ നമുക്ക് നിയന്ത്രിക്കാനാവില്ല. പക്ഷെ ക്ലബ്ബിന് അകത്തുള്ള ആളുകൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് അത്‌ പോലെയല്ല. വ്യത്യസ്തമാണ് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *