മെസ്സിയെ പുറത്തിരുത്താനുള്ള കാരണം വെളിപ്പെടുത്തി കൂമാൻ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബാഴ്‌സ ബെറ്റിസിനെതിരെ വെന്നിക്കൊടി നാട്ടിയത്. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവൻ ഏവരെയും അത്ഭുതപ്പെടുത്തിയ കാര്യം മെസ്സി ബെഞ്ചിലാണ് എന്നുള്ളതാണ്. അതോടെ താരത്തിന് പരിക്കാണ് എന്ന രൂപത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതെല്ലാം കാറ്റിൽ പറത്തി കൊണ്ട് മെസ്സി രണ്ടാം പകുതിയിൽ ഇറങ്ങുകയും രണ്ട് ഗോളുകൾ നേടിക്കൊണ്ട് വിജയത്തിന് ചുക്കാൻ പിടിക്കുകയും ചെയ്തു. എന്നാലിപ്പോൾ മെസ്സിയെ പുറത്തിരുത്താനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് കൂമാൻ. മെസ്സിക്ക് ചെറിയ തോതിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നുവെന്നും താരത്തെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താനുള്ള ഒരു സാഹചര്യത്തിൽ ആയിരുന്നില്ല താൻ ഉണ്ടായിരുന്നതെന്നും അറിയിച്ചിരിക്കുകയാണ് കൂമാൻ. മത്സരത്തിൽ വിജയം കരസ്ഥമാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പരിശീലകൻ.

” ഞങ്ങൾക്ക്‌ മൂന്ന് പോയിന്റുകൾ ആവിശ്യമായിരുന്നു. നിർണായകമായ വിജയമാണ് നേടിയത്. അഞ്ച് എന്നുള്ളത് നല്ല സംഖ്യയാണ്. ടീമിന്റെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്. മത്സരത്തിൽ മികച്ച തുടക്കമല്ല ഞങ്ങൾക്ക്‌ ലഭിച്ചത്. പക്ഷെ രണ്ടാം പകുതി മികച്ചതായിരുന്നു. ഡൈനാമോ കീവിനെതിരെയുള്ള മത്സരശേഷം മെസ്സി ചെറിയ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഇതിനെ പറ്റി വെള്ളിയാഴ്ച ഞങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തേ തുടക്കത്തിലേ കളിപ്പിക്കാൻ പറ്റിയ ഒരു സാഹചര്യത്തിലായിരുന്നില്ല അദ്ദേഹമുണ്ടായിരുന്നത്. ഒരു പ്രശ്നവുമില്ലെങ്കിൽ മാത്രമേ മെസ്സിയെ പോലെയൊരു താരം തുടക്കത്തിലേ കളിക്കാൻ പറ്റുകയൊള്ളൂ. ഇന്ന് അങ്ങനെയായിരുന്നില്ല. അത്കൊണ്ട് അദ്ദേഹത്തെ സ്റ്റാർട്ട്‌ ചെയ്യിപ്പിച്ചില്ല. അദ്ദേഹത്തിന്റെ പ്രതിഭയിൽ എനിക്ക് യാതൊരു വിധ സംശയങ്ങളും ഉണ്ടായിരുന്നില്ല. എനിക്കദ്ദേഹത്തെ നന്നായി അറിയാം. ഓരോ ദിവസവും അദ്ദേഹത്തിന്റെ പരിശീലനം ഞാൻ കാണുന്നതാണ് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *