മെസ്സിയുള്ളത് ഫിൽ ജാക്സണ് മൈക്കൽ ജോർദാൻ ഉള്ളത് പോലെ,ഒന്നും പേടിക്കാനില്ല : പെപ്

എഫ്സി ബാഴ്സലോണയെ സംബന്ധിച്ചെടുത്തോളം അവരുടെ സുവർണ്ണ കാലഘട്ടം എന്ന് പറയപ്പെടുന്നത് പെപ് ഗ്വാർഡിയോള പരിശീലിപ്പിച്ച സമയമായിരുന്നു. സൂപ്പർ താരം ലയണൽ മെസ്സി അടക്കമുള്ളവർ മിന്നുന്ന പ്രകടനം കാഴ്ചവെച്ചപ്പോൾ നിരവധി കിരീടങ്ങളാണ് അന്ന് ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്.പിന്നീട് മെസ്സിയും പെപ്പും മാഞ്ചസ്റ്റർ സിറ്റിയിൽ ഒരുമിക്കുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല.

ഏതായാലും മെസ്സിയെ കുറിച്ച് മനസ്സ് തുറന്നു സംസാരിച്ചിരിക്കുകയാണിപ്പോൾ പെപ് ഗ്വാർഡിയോള.ബാസ്ക്കറ്റ് ബോൾ ഇതിഹാസമായ മൈക്കൽ ജോർദാനോടാണ് പെപ് മെസ്സിയെ ഉപമിച്ചിരിക്കുന്നത്.അതായത് ബാസ്ക്കറ്റ് ബോളിലെ വിഖ്യാത പരിശീലകനായ ഫിൽ ജാക്ക് സണ് ഇതിഹാസ താരമായ മൈക്കൽ ജോർദാനെ ലഭിച്ചത് പോലെയാണ് മെസ്സിയുള്ളത് എന്നാണ് പെപ് പറഞ്ഞിരിക്കുന്നത്.ഒന്നും പേടിക്കാനില്ല എന്നാണ് ഇദ്ദേഹം ഉദ്ദേശിച്ചത്.അദ്ദേഹത്തിന്റെ വാക്കുകൾ പ്രമുഖ മാധ്യമമായ ഒലെ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മെസ്സി ഇതുകൊണ്ട് അർത്ഥമാക്കുന്നത് എല്ലാമാണ് എന്നാണ്.മെസ്സി മൈക്കൽ ജോർദാനെ പോലെയാണ്.അതായത് മൈക്കൽ ജോർദാൻ കളത്തിൽ ഉണ്ടാവുമ്പോൾ ഫിൽ ജാക്ക്സണ് ഒന്നും പേടിക്കാനില്ല. എല്ലാം നല്ല രൂപത്തിൽ മുന്നോട്ടുപോകും. അതുപോലെയാണ് മെസ്സി കളത്തിൽ ഉണ്ടാവുമ്പോൾ.എന്നെ സൈൻ ചെയ്യാൻ അനുവദിച്ച കരാറുകൾക്ക് ഞാനദ്ദേഹത്തോട് നന്ദി പറഞ്ഞു കൊണ്ട് ഒരു ബോട്ടിൽ വൈൻ വാങ്ങി നൽകേണ്ടിയിരിക്കുന്നു. ആ നാലു വർഷങ്ങളിൽ ഒരുപിടി മിന്നുന്ന താരങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. യഥാർത്ഥ സമയത്ത് യഥാർത്ഥ പ്രായമുള്ള ഒരുപാട് സൂപ്പർതാരങ്ങൾ അന്ന് ടീമിൽ ഉണ്ടായിരുന്നു.സാവി,പുയോൾ,ഇനിയേസ്റ്റ എന്നിവരൊക്കെ അത്തരത്തിലുള്ള താരങ്ങളാണ്. അവർ തമ്മിൽ അതുല്യമായ ഒരു കെമിസ്ട്രി ഉണ്ടായിരുന്നു.മെസ്സി ഇല്ലെങ്കിലും ഞങ്ങൾ കിരീടങ്ങൾ ഒക്കെ നേടുമായിരുന്നു. പക്ഷേ ഇത്രത്തോളം നേടൽ, അത് അസാധ്യമായിരിക്കും ” ഇതാണ് പെപ് പറഞ്ഞത്.

നാലു വർഷത്തിനിടെ പെപ് ഗ്വാർഡിയോള മൂന്നു ലാലിഗയും 2 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും ബാഴ്സക്ക് നേടിക്കൊടുത്തിരുന്നു. ഇതിനു പുറമേ നിരവധി കിരീടങ്ങളും ബാഴ്സ സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *