മെസ്സിയുമായുള്ള താരതമ്യങ്ങൾ, ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കണമെന്ന് 15കാരൻ.
കഴിഞ്ഞ ലാലിഗ മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ ഒന്നാം സ്ഥാനക്കാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു റയൽ ബെറ്റിസിനെ ബാഴ്സ പരാജയപ്പെടുത്തിയത്. കേവലം 15 വയസ്സ് മാത്രമുള്ള ലാമിൻ യമാൽ ഈ മത്സരത്തിൽ ബാഴ്സക്ക് വേണ്ടി അരങ്ങേറിയിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ബാഴ്സക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇദ്ദേഹം സ്വന്തമാക്കിയിരുന്നു.
മാത്രമല്ല ലയണൽ മെസ്സിയുമായി ബന്ധപ്പെടുത്തി കൊണ്ടാണ് യമാലിനെ കുറിച്ച് ബാഴ്സയുടെ പരിശീലകനായ സാവി സംസാരിച്ചിരുന്നത്. അതായത് മെസ്സിയെ പോലെയുള്ള പ്രതിഭ യമാലിനുണ്ട് എന്നായിരുന്നു സാവി പറഞ്ഞിരുന്നത്. ഏതായാലും തന്റെ അരങ്ങേറ്റത്തെ കുറിച്ച് ഇപ്പോൾ യമാൽ സംസാരിച്ചിട്ടുണ്ട്. തനിക്ക് ഇനിയും ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കണമെന്നാണ് ബാഴ്സയുടെ ഒഫീഷ്യൽ വെബ്സൈറ്റിനോട് യമാൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
This is Lamine Yamal. pic.twitter.com/9skFlWY3tE
— FC Barcelona (@FCBarcelona) April 22, 2023
“ഒരു വൈകാരികമായ നിമിഷമായിരുന്നു അത്.ക്യാമ്പ് നൗവിൽ ഇറങ്ങിയപ്പോൾ എനിക്ക് പേടിയുണ്ടായിരുന്നു. പക്ഷേ പതിയെ പതിയെ അത് മാറി. സാധ്യമാകും വിധം കംഫർട്ടബിൾ ആവാനാണ് ഞാൻ ശ്രമിച്ചത്. എന്റെ സഹതാരങ്ങൾ എന്നെ നല്ല രൂപത്തിൽ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ആണ് സാവി എന്നോട് ആവശ്യപ്പെട്ടത്. ഈ റെക്കോർഡ് കരസ്ഥമാക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.ഇനിയും ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കാൻ കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.മത്സരശേഷം സഹതാരങ്ങൾ എല്ലാവരും എന്നെ അഭിനന്ദിച്ചിരുന്നു “ഇതാണ് യമാൽ പറഞ്ഞിട്ടുള്ളത്.
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ബാഴ്സലോണയുടെ എതിരാളികൾ ഒസാസുനയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിക്ക് ബാഴ്സയുടെ മൈതാനത്ത് വച്ച് തന്നെയാണ് ഈ മത്സരം നടക്കുക. 11 പോയിന്റിന്റെ ലീഡിൽ ബാഴ്സയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.