മെസ്സിയുമായി ഒരു പ്രശ്നവുമില്ല, റിക്കി പുജിന്റെ കാര്യം കൂമാൻ തീരുമാനിക്കും, ബർതോമ്യു പറയുന്നു !

സൂപ്പർ താരം ലയണൽ മെസ്സിയുമായി തനിക്കൊരു പ്രശ്നവുമില്ലെന്നും അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും തുറന്നു പറഞ്ഞ് എഫ്സി ബാഴ്സലോണ പ്രസിഡന്റ്‌ ബർതോമ്യു. ഇന്നലെ ഗാമ്പർ ട്രോഫിക്ക് മുന്നോടിയായി ടിവിത്രീക്ക് നൽകിയ അഭിമുഖത്തിലാണ് ബർതോമ്യു നിലവിലെ ബാഴ്സയിലെ സാഹചര്യങ്ങളെ കുറിച്ച് സംസാരിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച താരം ഞങ്ങളോടൊപ്പം തുടരുന്നതിൽ സ്വയം അഭിനന്ദിക്കണമെന്നാണ് ബർതോമ്യുവിന്റെ അഭിപ്രായം. കൂടാതെ റിക്കി പുജ്‌, സുവാരസ്, ലൗറ്ററോ മാർട്ടിനെസ് എന്നിവരുടെ കാര്യങ്ങളിലും ബർതോമ്യു തന്റെ നിലപാടുകൾ അറിയിച്ചു.

മെസ്സിയെ കുറിച്ച് : പ്രസിഡന്റ്‌ എന്ന നിലക്ക് എനിക്ക് മെസ്സിയുമായി ഒരു പ്രശ്നവുമില്ല. അദ്ദേഹം ഞങ്ങളുടെ നായകനാണ്. ഇപ്പോൾ അദ്ദേഹം കൂമാന്റെ പദ്ധതികളിലാണ് ശ്രദ്ധ അർപ്പിച്ചിരിക്കുന്നത്. ഞാനാണെങ്കിലും, മാറ്റാരാണെങ്കിലും മെസ്സിയെ പോവാൻ അനുവദിക്കില്ല. ലോകത്തിലെ ഏറ്റവും മികച്ച താരമായ അദ്ദേഹം ഞങ്ങളോടൊപ്പം വേണം. അത്‌ കൂമാനും വിജയിക്കാൻ സഹായകരമാവും. മെസ്സിയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം ബാഴ്‌സയിൽ തുടർന്നതിൽ ഞങ്ങൾ സ്വയം അഭിനന്ദിക്കുകയും ആസ്വദിക്കുകയുമാണ് വേണ്ടത്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായ ഇവിടെ തന്നെ അദ്ദേഹം വിരമിക്കും.

സുവാരസിനെ കുറിച്ച് : അദ്ദേഹം ഇപ്പോഴും ഒരു ബാഴ്‌സ താരമാണ്. അതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല. ഏറ്റവും പ്രധാനപ്പെട്ട താരമാണ് അദ്ദേഹം. അദ്ദേഹത്തിന് ഇനിയും കരാർ ബാക്കിയുണ്ട്. അദ്ദേഹത്തോട് മെസ്സി തുടരാൻ ആവിശ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അറിയില്ല. അതവരുടെ ഇടയിൽ നടന്ന സ്വകാര്യസംഭാഷണങ്ങൾ ആണ്.

ലൗറ്ററോ മാർട്ടിനെസ് : എല്ലാ ക്ലബുകളെ പോലെയും കോവിഡ് പ്രതിസന്ധി ബാഴ്സയുടെ വരുമാനത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. വലിയൊരു ബുദ്ദിമുട്ടിലൂടെയാണ് ബാഴ്‌സ കടന്നു പോവുന്നത്. സാമ്പത്തികസ്രോതസിന്റെ അഭാവം നന്നായി അറിയുന്നുണ്ട്. അത്‌ കൊണ്ട് പുതിയ താരങ്ങൾ വരണം എന്നുണ്ടെങ്കിൽ ചില താരങ്ങൾ നിർബന്ധമായും ക്ലബ് വിടേണ്ടി വരും.

റിക്കി പുജ്‌ : റൊണാൾഡ് കൂമാൻ ഇവിടെ വരാൻ ഒരുപാട് സമയം ഞങ്ങൾ കാത്തിരിന്നിട്ടുണ്ട്.അദ്ദേഹം മികച്ചൊരു പരിശീലകനാണ്. ബാഴ്സക്കുള്ളത് വലിയൊരു സ്‌ക്വാഡ് ആണ്. തീർച്ചയായും അവിടെ മത്സരങ്ങൾ ഉണ്ടാവും. എല്ലാവർക്കും അദ്ദേഹത്തിന് കീഴിൽ കളിക്കാൻ ആഗ്രഹമുണ്ടാവും എന്നാൽ കൂമാൻ അദ്ദേഹത്തിന് അനുയോജ്യമായ താരങ്ങളെ തിരഞ്ഞെടുക്കും. റിക്കി പുജിന്റെ കാര്യം കൂമാൻ ആണ് തീരുമാനിക്കേണ്ടത് ” ബർതോമ്യു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *