മെസ്സിയുടെ ലെവലിൽ എത്തുക അസാധ്യം: തുറന്ന് പറഞ്ഞ് യമാൽ!
എഫ്സി ബാഴ്സലോണയുടെ യുവ സൂപ്പർ താരമായ ലാമിൻ യമാൽ സമീപകാലത്ത് ഗംഭീര പ്രകടനമാണ് പുറത്തെടുക്കുന്നത്. ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. യൂറോ കപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് യമാലായിരുന്നു.ഈ സീസണിൽ ബാഴ്സലോണക്ക് വേണ്ടിയും ഒരു ഗംഭീര തുടക്കം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ബാഴ്സയിൽ ലയണൽ മെസ്സിയുടെ പിൻഗാമിയായി കൊണ്ടാണ് യമാലിനെ പലരും വിലയിരുത്തുന്നത്. കേവലം 17 വയസ്സ് മാത്രമുള്ള ഈ സ്പാനിഷ് സൂപ്പർതാരത്തിന് വലിയ ഒരു ഭാവി തന്നെ പലരും കൽപ്പിക്കുന്നുണ്ട്.എന്നാൽ ലയണൽ മെസ്സിയുടെ ലെവലിൽ എത്തുക എന്നുള്ളത് അസാധ്യമായ കാര്യമാണെന്ന് യമാൽ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ബാഴ്സ വിടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഒരു ഇതിഹാസമായി മാറാനാണ് തന്റെ ആഗ്രഹമെന്നും യമാൽ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഫുട്ബോൾ ചരിത്രത്തിലെ കാലത്തെയും മികച്ച താരമാണ് ലയണൽ മെസ്സി. അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യുന്നത് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.പക്ഷേ സ്വയം ഒരു പേര് ഉണ്ടാക്കിയെടുക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ലയണൽ മെസ്സിയുടെ ലെവലിൽ എത്തുക എന്നത് അസാധ്യമായ കാര്യമാണ്. മെസ്സി അദ്ദേഹത്തിന്റെ പവറുകളിൽ കുറച്ച് എനിക്ക് നൽകി എന്നാണ് ആ ഫോട്ടോഷൂട്ട് കാണുമ്പോൾ എനിക്ക് തോന്നാറുള്ളത്. പക്ഷേ എനിക്കിനിയും ഫുട്ബോൾ ലോകത്തിന് ഒരുപാട് ചെയ്യാനുണ്ട്. എഫ് സി ബാഴ്സലോണ വിടാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.ഇവിടത്തെ ഒരു ഇതിഹാസമായി മാറണം എന്നാണ് എന്റെ ആഗ്രഹം ” ഇതാണ് യമാൽ പറഞ്ഞിട്ടുള്ളത്.
ഈ വർഷം ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം ലാമിൻ യമാലാണ്.യൂറോ കപ്പിൽ 4 അസിസ്റ്റുകൾ താരം സ്വന്തമാക്കിയിരുന്നു.ഈ ലാലിഗയിൽ ഇതിനോടകം തന്നെ ഒരു ഗോളും നാല് അസിസ്റ്റുകളും താരം സ്വന്തമാക്കി കഴിഞ്ഞു.ഇനി ജിറോണക്കെതിരെയാണ് ബാഴ്സലോണ അടുത്ത മത്സരം കളിക്കുക. ആ മത്സരത്തിൽ യമാൽ സ്റ്റാർട്ട് ചെയ്തേക്കും.