മെസ്സിയുടെ പോക്ക് ലാപോർട്ടക്ക് ഒഴിവാക്കാമായിരുന്നു, മുഴുവൻ ടീമിനെയും ബാധിച്ചു : ലാർസൻ

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണയുടെ സൂപ്പർതാരമായ ലയണൽ മെസ്സിക്ക് ക്ലബ്ബ് വിടേണ്ടി വന്നത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലമായിരുന്നു ഇത് സംഭവിച്ചത്.എന്നാൽ അതിനുശേഷം കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർതാരങ്ങളെ ബാഴ്സ സ്വന്തമാക്കുകയും ചെയ്തു.

ഏതായാലും മെസ്സി ക്ലബ്ബ് വിട്ടതുമായി ബന്ധപ്പെട്ട കാര്യത്തിൽ അന്നത്തെ അസിസ്റ്റന്റ് പരിശീലകനായ ഹെൻറിക്ക് ലാർസൻ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതായത് കുറച്ചുകൂടി നല്ല ലീഡർഷിപ് ക്വാളിറ്റി ഉണ്ടായിരുന്നുവെങ്കിൽ ലാപോർട്ടക്ക് മെസ്സിയുടെയും തങ്ങളുടെയും പോക്ക് ഒഴിവാക്കാമായിരുന്നു എന്നാണ് ലാർസൻ പറഞ്ഞിട്ടുള്ളത്.ബാഴ്സയുടെ മുൻ പരിശീലകൻ കൂമാന്റെ അസിസ്റ്റന്റ് ആയിരുന്നു ലാർസൻ.ലാർസന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മെസ്സി ബാഴ്സ വിടുമെന്ന് ആരും ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. പക്ഷേ അങ്ങനെ സംഭവിച്ചപ്പോൾ അത് സ്‌ക്വാഡിനെ ഒന്നടങ്കം ബാധിച്ചു. അതൊരു ബുദ്ധിമുട്ടേറിയ സമയമായിരുന്നു. പക്ഷേ പുറത്തുനിന്നുള്ള കാര്യങ്ങൾ അവഗണിക്കണമെന്നും വർക്ക് ചെയ്യേണ്ടതുണ്ടെന്നും പരിശീലകന് അറിയാമായിരുന്നു. അവസാന നിമിഷത്തിലാണ് ഇതെല്ലാം ഞങ്ങൾ അറിയുന്നത്. വളരെ എളുപ്പത്തിൽ ഇതൊക്കെ ഒഴിവാക്കാമായിരുന്നു. പക്ഷേ അതിന് ലാപോർട്ടക്ക് കുറച്ച് കൂടെ ലീഡർഷിപ് ക്വാളിറ്റി വേണം ” ലാർസൻ പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ ബയെണിനോടേറ്റ തോൽവിക്ക് ശേഷമായിരുന്നു സെറ്റിയനെ പുറത്താക്കി കൂമാനെ ബാഴ്സ നിയമിച്ചത്.എന്നാൽ ഈ സീസണിൽ കൂമാനെയും പുറത്താക്കി സാവി ബാഴ്സയുടെ പരിശീലകനായി എത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *