മെസ്സിയുടെ പത്താം നമ്പർ ജേഴ്സിക്ക്‌ ഇനിയെന്ത് സംഭവിക്കും?

എഫ്സി ബാഴ്സലോണയുടെ വിശ്വവിഖ്യാതമായ പത്താം നമ്പർ ജേഴ്സിയുടെ ഉടമമായിരുന്ന ലയണൽ മെസ്സി ക്ലബ്ബിനോട് വിടപറഞ്ഞിരുന്നു. ദീർഘകാലം ബാഴ്‌സയുടെ കുന്തമുനയായി നിലകൊണ്ട മെസ്സിയുടെ വിടവാങ്ങൽ തികച്ചും അപ്രതീക്ഷിതമായിരുന്നു.

അതേസമയം ലയണൽ മെസ്സി ധരിച്ചിരുന്ന ബാഴ്‌സയുടെ പത്താം നമ്പർ ജേഴ്സിക്ക്‌ ഇനിയെന്ത്‌ സംഭവിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കികൊണ്ടിരിക്കുന്ന കാര്യം.2008 മുതൽ ഇക്കാലം വരെയും മെസ്സി കൈവശം വെച്ചിരുന്ന ജേഴ്സി ഇനി ആര് അണിയും എന്നാണ് ആരാധകർക്ക്‌ അറിയേണ്ടത്. ഈ വിഷയത്തിൽ സ്പാനിഷ് മാധ്യമമായ മാർക്ക ഒരു റിപ്പോർട്ട്‌ പുറത്ത് വിട്ടിട്ടുണ്ട്. അതായത് പത്താം നമ്പർ ജേഴ്സി ഉടൻ തന്നെ സ്വന്തമാക്കാൻ ആർക്കും ധൈര്യം കാണില്ല എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.

അത്കൊണ്ട് തന്നെ ഈ സീസണിൽ പത്താം നമ്പർ ജേഴ്സി ആരും തന്നെ ധരിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. പക്ഷേ ലാലിഗയിൽ ജേഴ്സി പിൻവലിക്കാനുള്ള യാതൊരു വിധ ഓപ്ഷനുകളുമില്ല. അത്കൊണ്ട് തന്നെ വരും സീസണുകളിൽ പത്താം നമ്പർ ജേഴ്സി ഏതെങ്കിലും താരത്തിന് കൈമാറാൻ ബാഴ്‌സ നിർബന്ധിതരായേക്കും. എന്നാൽ ഈ സീസണിൽ ആർക്കും തന്നെ പത്താം നമ്പർ ജേഴ്സി നൽകിയേക്കില്ല എന്നാണ് മാർക്ക പറഞ്ഞു വെക്കുന്നത്.

സിരി എയിലും പ്രീമിയർ ലീഗിലുമൊക്ക ജേഴ്സി റിട്ടയർ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.ചെൽസിയുടെ 25-ആം നമ്പർ ജേഴ്സി അണിഞ്ഞിരുന്ന ജിയാൻഫ്രാങ്കോ സോള ക്ലബ് വിട്ടതോടെ ചെൽസി ആ ജേഴ്സി പിൻവലിച്ച സംഭവം പ്രീമിയർ ലീഗ് ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്.

ഒട്ടേറെ ഇതിഹാസ താരങ്ങൾ അണിഞ്ഞ ജേഴ്സിയാണ് ബാഴ്‌സയുടെ പത്താം നമ്പർ ജേഴ്സി.റൊമാരിയോ, റൊണാൾഡിഞ്ഞോ,മറഡോണ,റിവാൾഡോ, റിക്വൽമി എന്നിവർക്ക് ശേഷമാണ് മെസ്സി ഈ ജേഴ്സി അണിയുന്നത്.2003 മുതൽ 2008 വരെ റൊണാൾഡിഞ്ഞോയായിരുന്നു 10-ആം ജേഴ്സി അണിഞ്ഞിരുന്നത്. അതിന് ശേഷം 2021 വരെ മെസ്സി ഈ ജേഴ്സി കൈവശം വെക്കുകയായിരുന്നു.

പത്താം നമ്പറിന്റെ അവകാശിയായി പെഡ്രി, ഫാറ്റി എന്നിവരുടെ പേരുകൾ ഒക്കെ ഉയർന്നു വരുന്നുണ്ടെങ്കിലും വരും സീസണുകളിൽ അത് ആര് ധരിക്കുമെന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *