മെസ്സിയും നെയ്മറും സഹായിച്ചത് കൊണ്ടാണ് ഗോൾഡൻ ബൂട്ട് നേടിയത്: സുവാരസ്‌.

2015-16 സീസണിലെ യൂറോപ്പ്യൻ ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കിയത് സൂപ്പർ താരം ലൂയിസ് സുവാരസായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു സുവാരസ് ഗോൾഡൻ ബൂട്ട് നേടിയത്. 40 ഗോളുകളായിരുന്നു അന്ന് താരം നേടിയിരുന്നത്. മെസ്സിയും സുവാരസ്സും നെയ്മറും അടങ്ങിയ മുന്നേറ്റ നിര അടക്കി ഭരിക്കുന്ന ഒരു സമയം കൂടിയായിരുന്നു അത്.

ആ ഗോൾഡൻ ബൂട്ടിനെ കുറിച്ച് ഇപ്പോൾ സുവാരസ് ഒരിക്കൽ കൂടി സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും സഹായിച്ചതുകൊണ്ടാണ് തനിക്ക് ആ ഗോൾഡൻ ബൂട്ട് ലഭിച്ചത് എന്നാണ് ഇപ്പോൾ സുവാരസ് തുറന്നു പറഞ്ഞിട്ടുള്ളത്.ഗ്രിമിയോക്കൊപ്പമുള്ള അവസാന മത്സരത്തിന് സുവാരസ് ഒരുങ്ങുകയാണ്.അതിന് മുന്നേ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഗോൾഡൻ ബൂട്ട് ലഭിക്കാൻ എന്നെ സഹായിച്ചത് മെസ്സിയും നെയ്മറുമാണ്.ഞങ്ങളുടെ ഒരു മുന്നേറ്റം എനിക്ക് ഇപ്പോഴും നല്ല ഓർമ്മയുണ്ട്, മെസ്സി നെയ്മർക്ക് ബോൾ കൈമാറി, നെയ്മർ ഗോൾകീപ്പർക്ക് മുന്നിലായിരുന്നു.അദ്ദേഹം ഞാൻ വരാൻ വേണ്ടി കാത്തുനിൽക്കുകയായിരുന്നു. കാരണം ഞാനായിരുന്നു റൊണാൾഡോക്കെതിരെ ഗോൾഡൻ ബൂട്ടിന് വേണ്ടി മത്സരിച്ചിരുന്നത്.വേഗം വന്ന് ഗോളടിക്കു എന്ന നെയ്മർ എന്നോട് പറഞ്ഞു. അവസാന മത്സരങ്ങളിലെ പെനാൽറ്റികൾ പോലും എനിക്ക് അവർ നൽകിയിരുന്നു.ഗോൾഡൻ ബൂട്ട് ലഭിച്ചതിന് ഞാൻ അവരോടാണ് നന്ദി പറയേണ്ടത്. അവരുടെ സഹകരണം വളരെ വലുതായിരുന്നു ” ഇതാണ് സുവാരസ്‌ പറഞ്ഞിട്ടുള്ളത്.

ഇനി ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്കാണ് സുവാരസ് പോകുന്നത്.ഒരു വലിയ ഇടവേളക്ക് ശേഷം അദ്ദേഹം വീണ്ടും മെസ്സിക്കൊപ്പം ഒരുമിക്കാൻ പോവുകയാണ്.ഈ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ആകെ കളിച്ച 53 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളും 19 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *