മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരെക്കാൾ കൂടുതൽ ഗോളുകൾ,ബാഴ്സയിൽ മെസ്സിയുടെ പകരക്കാരനാവാൻ ലെവന്റോസ്ക്കി!

ഏറെ നാളത്തെ ശ്രമങ്ങൾക്കൊടുവിൽ സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. താരത്തെ വിട്ടു നൽകാൻ ബയേണിന് താല്പര്യമില്ലായിരുന്നുവെങ്കിലും ലെവന്റോസ്ക്കി നിർബന്ധം പിടിക്കുകയായിരുന്നു. മാത്രമല്ല ചെൽസി,പിഎസ്ജി എന്നിവരുടെ വലിയ ഓഫറുകൾ തള്ളിക്കളഞ്ഞു കൊണ്ടാണ് ലെവന്റോസ്ക്കി ബാഴ്സയെ തിരഞ്ഞെടുത്തിട്ടുള്ളത്.

ബാഴ്സയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിയെ നഷ്ടമായത്. കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നു ബാഴ്സ പുറത്തെടുത്തത്. അതുകൊണ്ടുതന്നെ മെസ്സിയുടെ വിടവ് നികത്തലും മികച്ച പ്രകടനം നടത്തലും ബാഴ്സയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ കാര്യമാണ്.

മെസ്സിയുടെ വിടവ് നികത്തുക എന്നുള്ളത് ഒരു പരിധിവരെ റോബർട്ട് ലെവന്റോസ്ക്കിക്ക് സാധിക്കുമെന്നാണ് പലതും പ്രതീക്ഷിക്കുന്നത്.പ്രത്യേകിച്ച് ഗോളുകളുടെ കാര്യത്തിൽ. ഇതിനെ തെളിവായി കൊണ്ട് പലരും ചൂണ്ടിക്കാണിക്കുന്നത് ബയേണിലെ ലെവന്റോസ്ക്കിയുടെ ഗോളടി മികവാണ്. കഴിഞ്ഞ 8 വർഷം ലെവന്റോസ്ക്കി ബയേണിലാണ് ചിലവഴിച്ചിട്ടുള്ളത്. ഈ കാലയളവിൽ മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരെക്കാൾ കൂടുതൽ ഗോളുകൾ നേടാൻ ലെവന്റോസ്ക്കിക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം.

2014-ലായിരുന്നു ലെവന്റോസ്ക്കി ബയേണിൽ എത്തിയത്. അതിന് ശേഷം താരം ഇതുവരെ 344 ഗോളുകളാണ് നേടിയിട്ടുള്ളത്. അതേസമയം ഈ കാലയളവിൽ മെസ്സി നേടിയത് 329 ഗോളുകളാണ്.റൊണാൾഡോയാവട്ടെ ഈ കാലയളവിൽ 323 ഗോളുകളും നേടി. കഴിഞ്ഞ 8 വർഷത്തിൽ മെസ്സി,റൊണാൾഡോ എന്നിവരെക്കാൾ കൂടുതൽ ഗോളുകൾ ലെവന്റോസ്ക്കി നേടിക്കഴിഞ്ഞിട്ടുണ്ട്.ESPN ആണ് ഈ കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്.

ബുണ്ടസ്ലിഗയിൽ മാത്രമല്ല ചാമ്പ്യൻസ് ലീഗിലും താരം ഗോളടിച്ച് കൂട്ടിയിട്ടുണ്ട് എന്നുള്ളത് ബാഴ്സക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. കഴിഞ്ഞ രണ്ടുവർഷവും ഏറ്റവും മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടിയതും ലെവന്റോസ്ക്കി തന്നെയാണ്. മെസ്സിയുടെ അഭാവം ഒരു പരിധിവരെ നികത്താൻ ലെവന്റോസ്ക്കിക്ക് കഴിഞ്ഞാൽ അത് ബാഴ്സയെ സംബന്ധിച്ചിടത്തോളം വലിയ ഒരു ആശ്വാസമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *