മുൻഗണനയില്ല, ലൗറ്ററോ മാർട്ടിനെസ് ബാഴ്സയുടെ പ്ലാൻ ബി മാത്രം!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ ക്യാമ്പ് നൗവിൽ എത്തിക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ച താരങ്ങളിൽ ഒരാളാണ് ലൗറ്ററോ മാർട്ടിനെസ്. എന്നാൽ സാമ്പത്തികപരമായ വിഷയങ്ങൾ കാരണം അത്‌ നടക്കാതെ പോവുകയായിരുന്നു. താരത്തിന്റെ റിലീസ് ക്ലോസായ 111 മില്യൺ യൂറോയായിരുന്നു ഇന്റർമിലാൻ ബാഴ്സയോട് ആവിശ്യപ്പെട്ടിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ബാഴ്സ ഇത്‌ അംഗീകരിക്കാതെയിരിക്കുകയായിരുന്നു. ലൗറ്ററോക്കാവട്ടെ ബാഴ്സയിൽ കളിക്കാൻ താല്പര്യവുമുണ്ട്. സൂപ്പർ താരം മെസ്സിക്കൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ലൗറ്ററോ മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഏതായാലും ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിലും ലൗറ്ററോ ബാഴ്സയുടെ റഡാറിൽ ഉണ്ടെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

എന്നാൽ നിലവിൽ ലൗറ്ററോക്ക് ബാഴ്സ പ്രഥമപരിഗണന നൽകുന്നില്ല എന്ന് വ്യക്തമായിരിക്കുകയാണിപ്പോൾ. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ബാഴ്സയുടെ പ്ലാൻ ബി മാത്രമാണ് നിലവിൽ ലൗറ്ററോ മാർട്ടിനെസ്. അതായത് പ്രസിഡന്റ്‌ ജോയൻ ലാപോർട്ടയുടെ പ്രധാനലക്ഷ്യം സൂപ്പർ താരം എർലിങ് ഹാലണ്ട് ആണ്. അദ്ദേഹത്തെ ലഭിക്കില്ല എന്നുറപ്പായാൽ മാത്രമാണ് ബാഴ്സ ലൗറ്ററോക്ക് വേണ്ടി ശ്രമിക്കുകയൊള്ളൂ. ഈ സീസണിൽ ലുക്കാക്കുവിനോപ്പം മികച്ച രീതിയിലാണ് ലൗറ്ററോ കളിക്കുന്നത്.ഈ സിരി എയിൽ 14 ഗോളുകളും 5 അസിസ്റ്റുകളും താരം ഇതിനോടകം നേടിക്കഴിഞ്ഞു. എന്നിരുന്നാലും ഇന്റർമിലാൻ താരത്തെ ഈ സമ്മറിൽ വിൽക്കാൻ ശ്രമിച്ചേക്കുമെന്നാണ് വാർത്തകൾ. സാമ്പത്തികപ്രശ്നങ്ങൾ ഇന്ററിനുമുണ്ടെന്നും അതിനാലാണ് അവർ ലൗറ്ററോയെ വിൽക്കാൻ ശ്രമിക്കുന്നതെന്നുമാണ് സ്പോട്ടിന്റെ ഭാഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!