ബാഴ്‌സക്ക്‌ വരാനിരിക്കുന്നത് നല്ല കാലമോ? മനം കവർന്ന് യുവപ്രതിഭകൾ!

ഈ പ്രീ സീസണിൽ ഇതുവരെ കളിച്ച മൂന്ന് സൗഹൃദമത്സരങ്ങളിലും വിജയം കൊയ്യാൻ എഫ്സി ബാഴ്സലോണക്ക്‌ സാധിച്ചിരുന്നു. മാത്രമല്ല പല മത്സരങ്ങളിലും വളരെയധികം മതിപ്പുളവാക്കുന്ന രൂപത്തിലാണ് ബാഴ്‌സ ബിയിലെ യുവതാരങ്ങൾ കളിച്ചിട്ടുള്ളത്. സ്റ്റുട്ട്ഗർട്ടിനെതിരായ മത്സരത്തിനുള്ള സ്‌ക്വാഡിൽ പത്ത് യുവതാരങ്ങളെയായിരുന്നു കൂമാൻ ഉൾപ്പെടുത്തിയിരുന്നത്. മാത്രമല്ല ഈ സൗഹൃദമത്സരങ്ങളിൽ പല യുവതാരങ്ങൾക്കും കൂമാൻ അവസരം നൽകിയിരുന്നു.

ഇതിൽ തന്നെ നിക്കോ ഗോൺസാലസ്,യുസുഫ് ഡെമിർ,ഗാവി, അലെജാൻഡ്രോ ബാൾഡെ,റെയ് മനായ് എന്നീ താരങ്ങൾ ആരാധകരുടെ മനം കവരുന്ന പ്രകടനമാണ് പുറത്തെടുത്തത്.ഇതിൽ തന്നെ നിക്കോ, ഡെമിർ, ഗാവി എന്നിവരെ ഈ സീസണിലേക്കുള്ള ബാഴ്‌സയുടെ സീനിയർ സ്‌ക്വാഡിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട് എന്നും സ്പാനിഷ് മാധ്യമമായ മാർക്ക കണ്ടെത്തിയിട്ടുണ്ട്.

19 വയസ്സുകാരനായ നിക്കോ ഗോൺസാലസ് മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ച്ചവെച്ചിട്ടുള്ളത്. സീനിയർ താരമായ സെർജിയോ ബുസ്ക്കെറ്റ്സിന്റെ പകരക്കാരനായി താരത്തെ ഉപയോഗപ്പെടുത്താമെന്നാണ് പലരും കണ്ടെത്തിയിരിക്കുന്നത്.താരത്തെ വിഷൻ ഏറെ പ്രശംസകൾ നേടിയിരുന്നു.

ഗാവി എന്ന പതിനാറുകാരനാണ് ബാഴ്‌സ ആരാധകരെ ഏറ്റവും കൂടുതൽ അത്ഭുതപെടുത്തിയ താരം. മധ്യനിര താരമായ ഇദ്ദേഹം പ്രായത്തിൽ കവിഞ്ഞ പക്വത കളത്തിൽ കാഴ്ച്ചവെക്കുന്നുണ്ട്. യുവസൂപ്പർ താരം പെഡ്രിക്ക്‌ നല്ല രൂപത്തിൽ വെല്ലുവിളി ഉയർത്താൻ ഗാവിക്ക്‌ കഴിയുമെന്നാണ് പലരും വിശ്വസിക്കുന്നത്. താരത്തിന്റെ കോൺഫിഡൻസും മൂവ്മെന്റ്സും എബിലിറ്റിയും ബാലൻസുമെല്ലാം ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. വലിയ പ്രതീക്ഷയാണ് ഈ താരത്തിൽ ആരാധകർ വെച്ച് പുലർത്തുന്നത്.

അത്പോലെ തന്നെ ഓസ്ട്രിയൻ യുവപ്രതിഭ യുസുഫ് ഡെമിറും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. സ്റ്റുട്ട്ഗർട്ടിനെതിരെ ഗോൾ നേടാൻ താരത്തിന് സാധിച്ചിരുന്നു.മുന്നേറ്റനിര താരമായ ഡെമിർ റാപിഡ് വിയന്നയിൽ നിന്ന് ലോണിലാണ് ബാഴ്‌സയിൽ എത്തിയത്. താരത്തെ സ്ഥിരപ്പെടുത്താൻ ബാഴ്‌സക്ക്‌ മുന്നിൽ അവസരമുണ്ട്.

മറ്റൊരു താരം റെയ് മനായിയാണ്. ഈ സൗഹൃദമത്സരങ്ങളിൽ ബാഴ്‌സക്ക്‌ വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് മനായ്. നാസ്റ്റിക്കിനെതിരെ നേടിയ ഹാട്രിക് അടക്കം 4 ഗോളുകൾ താരം നേടിയിട്ടുണ്ട്. എന്നാൽ അഗ്വേറോ, ഡീപേ, ബ്രൈത്വെയിറ്റ് എന്നിവർ ഉള്ളതിനാൽ ഈ 24-കാരന് സീനിയർ ടീമിൽ അവസരം ലഭിക്കാൻ സാധ്യത കുറവാണ്. താരത്തെ ലോണിൽ അയക്കാൻ ബാഴ്‌സ ആലോചിക്കുന്നുണ്ട്. കൂടാതെ ബാൾഡെയും മികച്ച രൂപത്തിൽ കളിച്ചിരുന്നുവെങ്കിലും സീനിയർ ടീമിൽ അവസരം ലഭിക്കാൻ സാധ്യത കുറവാണ്.ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് താരം കളിക്കാറുള്ളത്.

ഏതായാലും മോറിബ, അരൗഹോ,മിങ്കേസ എന്നിവർക്ക്‌ അവസരം നൽകിയ കൂമാൻ ഇത്തവണ ഏതൊക്കെ ബാഴ്‌സ ബി താരങ്ങളെ സീനിയർ ടീമിൽ ഉൾപ്പെടുത്തും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *