ബാഴ്സയുടെ മിന്നുന്ന പ്രകടനം, പ്രതികരിച്ച് കാർലോ ആഞ്ചലോട്ടി!
കേവലം ഒരു താരത്തെ മാത്രമാണ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ കൊണ്ടുവന്നിട്ടുള്ളത്. ബാക്കിയെല്ലാവരും കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന താരങ്ങൾ തന്നെയാണ്. ആ താരങ്ങളെ മറ്റൊരു ലെവലിലേക്ക് മാറ്റിയെടുത്തിരിക്കുകയാണ് ഇപ്പോൾ ബാഴ്സലോണയുടെ പരിശീലകനായ ഹാൻസി ഫ്ലിക്ക്.ഗംഭീര പ്രകടനമാണ് അദ്ദേഹത്തിന് കീഴിൽ ബാഴ്സലോണ നടത്തിക്കൊണ്ടിരിക്കുന്നത്.ലാലിഗയിൽ കളിച്ച 5 മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച അവർ 17 ഗോളുകൾ നേടി കഴിഞ്ഞിട്ടുണ്ട്.
എന്നാൽ റയൽ മാഡ്രിഡ് ഒരല്പം ബുദ്ധിമുട്ട് ഇപ്പോൾ അനുഭവിക്കുന്നുണ്ട്. രണ്ട് മത്സരങ്ങളിൽ അവർക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഏതായാലും ബാഴ്സലോണയുടെ മിന്നുന്ന ഫോമിനെ കുറിച്ച് റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. മികച്ച രീതിയിൽ കളിക്കുന്നവർ എതിരാളികളാണെങ്കിൽ പോലും തങ്ങൾക്ക് അവരോട് ബഹുമാനമാണ് എന്നാണ് റയൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഇന്നലത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കാർലോ ആഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ബാഴ്സലോണ ഞങ്ങളുടെ എതിരാളികളാണ്.മികച്ച പ്രകടനം നടത്തുന്ന എതിരാളികളെ ഞങ്ങൾ ബഹുമാനിക്കാറുണ്ട്.അത്ലറ്റിക്കോ മാഡ്രിഡും വിയ്യാറയലുമൊക്കെ ഈ ഗണത്തിൽ പെട്ടവരാണ്. ഞങ്ങൾക്ക് എല്ലാവരോടും ഒരുപോലെയുള്ള ബഹുമാനമാണ് ഉള്ളത് ” ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിലെ ലാലിഗ ജേതാക്കളായ റയൽ മാഡ്രിഡിന്റെ മുന്നിലുള്ള ലക്ഷ്യം ലീഗ് കിരീടം നിലനിർത്തുക എന്നുള്ളതാണ്. പക്ഷേ അത് എളുപ്പമാവില്ല എന്ന് ബാഴ്സലോണ പ്രഖ്യാപിച്ചു കഴിഞ്ഞു.നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബാഴ്സ തന്നെയാണ്. ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡും സ്റ്റുട്ട്ഗർട്ടും തമ്മിലാണ് ഏറ്റുമുട്ടുക.അതേസമയം നാളെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്സലോണയുടെ എതിരാളികൾ മൊണാക്കോയാണ്.