തന്റെ നമ്പർ ഇനി ഗാവിക്ക്, പ്രതികരണവുമായി സാവി!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സ റയൽ ബെറ്റിസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ റാഫീഞ്ഞ,ലെവന്റോസ്ക്കി എന്നിവരാണ് ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്. ബാഴ്സ തന്നെയാണ് ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഈ മത്സരത്തിൽ ബാഴ്സയുടെ യുവ സൂപ്പർതാരമായ ഗാവി ആറാം നമ്പർ ജേഴ്സിയാണ് അണിഞ്ഞിരുന്നത്. ബാഴ്സയുടെ സീനിയർ ടീമിൽ രജിസ്റ്റർ ചെയ്യപ്പെട്ടതോടുകൂടിയാണ് ഗാവിക്ക് ആറാം നമ്പർ ജേഴ്സി ലഭിച്ചത്.ഇതുവരെ മുപ്പതാം നമ്പർ ജേഴ്‌സിയായിരുന്നു അദ്ദേഹം അണിഞ്ഞിരുന്നത്.ബാഴ്സയുടെ ഇപ്പോഴത്തെ പരിശീലകനും ഇതിഹാസ താരവുമായ സാവി അണിഞ്ഞിരുന്ന ജേഴ്സിയായിരുന്നു ആറാം നമ്പർ ജേഴ്സി.ഗാവിയെ ആറാം നമ്പർ ജേഴ്സിയിൽ കണ്ടപ്പോൾ തനിക്ക് വളരെയധികം നൊസ്റ്റാൾജിയ തോന്നി എന്നാണ് സാവി ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഗാവി തന്റെ പുതിയ ആറാം നമ്പർ ജേഴ്സിയിൽ കളിക്കുന്നത് ഞാൻ കണ്ടു. അത് എന്നെ വളരെയധികം സന്തോഷവാനാക്കി. എന്നെ സംബന്ധിച്ചിടത്തോളം അതൊരു നൊസ്റ്റാൾജിയായിരുന്നു. കാരണം എനിക്ക് ഇനി ആ ജേഴ്സി അണിയാൻ സാധിക്കില്ലല്ലോ.. ഒരുപാട് വർഷങ്ങൾ ആ ജേഴ്സി അണിയാൻ ഗാവിക്ക് സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് ബാഴ്സയുടെ പരിശീലകനായ സാവി പറഞ്ഞിട്ടുള്ളത്.

നിലവിൽ ബാഴ്സയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗാവി.ഈ ലാലിഗയിൽ അദ്ദേഹം രണ്ട് അസിസ്റ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി പുരസ്കാരം സ്വന്തമാക്കിയിരുന്നതും ഗാവി തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!