ബാഴ്സയുടെ കാര്യം വിചിത്രമെന്ന് ബയേൺ പരിശീലകൻ,ലെവക്ക് വേണ്ടി പണമെണ്ണി തന്നിട്ടുണ്ടെന്ന് ലാപോർട്ട!
ഈ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർതാരങ്ങൾ എഫ്സി ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. 5 താരങ്ങളെയാണ് ഇതുവരെ ബാഴ്സ ക്യാമ്പ് നൗവിൽ എത്തിച്ചിട്ടുള്ളത്. ഗുരുതര സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സമയത്തും ബാഴ്സയുടെ ഈയൊരു സൈനിങ്ങുകൾ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരുന്നു.
എന്നാൽ ഇതിനെതിരെ വിമർശനവുമായി ബയേൺ പരിശീലകനായ നഗെൽസ്മാൻ രംഗത്ത് വന്നിരുന്നു. ബാഴ്സയുടെ ഈ ഒരു ട്രാൻസ്ഫറുകൾ വിചിത്രമായാണ് തോന്നുന്നത് എന്നായിരുന്നു ബയേൺ പരിശീലകൻ പറഞ്ഞിരുന്നത്.
എന്നാൽ ഇതിന് മറുപടി നൽകിക്കൊണ്ട് ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട ഇപ്പോൾ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. അതായത് ലെവന്റോസ്ക്കിയുടെ ഡീലിൽ ഒരുപാട് പണം നിങ്ങൾക്ക് തന്നിട്ടുണ്ടെന്നും അക്കൗണ്ട് പരിശോധിക്കൂ എന്നുമാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) July 29, 2022
“ജർമ്മനിയിൽ നിന്നുള്ള കമന്റുകളോ? അവർ അവരുടെ അക്കൗണ്ട് പരിശോധിക്കുന്നതാവും.ലെവന്റോസ്ക്കിയുടെ ഡീലിൽ അവർക്ക് അത്രയധികം പണം ലഭിച്ചതാണ്. യാഥാർത്ഥ്യത്തെ വളച്ചൊടിക്കാനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ കാര്യത്തിൽ അത്ഭുതപ്പെട്ടവരോട് പറയാനുള്ളത് ഞങ്ങൾ ഉണർന്നു കഴിഞ്ഞു എന്നുള്ളതാണ്.ഞങ്ങൾ ട്രാൻസ്ഫർ മാർക്കറ്റിൽ തിരിച്ചെത്തിയിട്ടുണ്ട്.122 വർഷത്തെ ചരിത്രത്തിലെ ഏറ്റവും കരുത്തോടെ കൂടിയും മൂല്യത്തോടു കൂടിയുമാണ് ഞങ്ങൾ തിരിച്ചെത്തിയിട്ടുള്ളത് ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.
ഏതായാലും ബാഴ്സയെ സംബന്ധിച്ചിടത്തോളം ഈ ട്രാൻസ്ഫർ ജാലകത്തിൽ നേട്ടങ്ങൾ കൊയ്യാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്ത സീസണിനെ വലിയ പ്രതീക്ഷയോടുകൂടിയാണ് ആരാധകർ നോക്കി കാണുന്നത്.