ബാഴ്സയിലെത്താൻ ആ നിബന്ധനയും അംഗീകരിച്ച് നെയ്മർ

പിഎസ്ജി സൂപ്പർ താരം നെയ്മർ ജൂനിയർ ബാഴ്സയിൽ തിരികെയെത്താൻ ശ്രമിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഇപ്പോഴിതാ താരം തിരിച്ചെത്താൻ വേണ്ടി കടുത്ത ഒരു നിബന്ധന അംഗീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. പ്രമുഖസ്പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർട്ടീവോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നിലവിൽ പിഎസ്ജിയിൽ കിട്ടുന്ന ശമ്പളത്തിന്റെ പകുതി മാത്രമേ ബാഴ്സയിൽ ലഭിക്കുകയൊള്ളൂ എന്ന നിബന്ധനയാണ് നെയ്മർ അംഗീകരിച്ചതായി മുണ്ടോ ഡീപോർട്ടിവോ പറയുന്നത്. അത്രയേറെ നെയ്മർ ബാഴ്സയിൽ തിരികെ എത്താൻ ആഗ്രഹിക്കുന്നു എന്നും ഇവർ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

നിലവിൽ പിഎസ്ജിയിൽ ആറു ലക്ഷം പൗണ്ട് ആണ് ഒരു ആഴ്ച്ചയിൽ നെയ്മർ സമ്പാദിക്കുന്നത്. എന്നാൽ ബാഴ്സയിൽ എത്തിയാൽ ആഴ്ച്ചയിൽ മൂന്ന് ലക്ഷം പൗണ്ട് ആയി നെയ്മറുടെ സമ്പാദ്യം കുറയും. ഈ വ്യവസ്ഥ നെയ്മർ അംഗീകരിച്ചതായാണ് റിപ്പോർട്ട്‌. 198 മില്യൺ പൗണ്ടിനായിരുന്നു നെയ്മർ ബാഴ്സയിൽ നിന്ന് പിഎസ്ജിയിലെത്തിയത്. എന്നാൽ 132 മില്യൺ പൗണ്ട് ആണ് നെയ്മർക്ക് വേണ്ടി പിഎസ്ജി ബാഴ്സയോട് ആവശ്യപ്പെടുന്നത്. നിലവിൽ 2022 വരെയാണ് നെയ്മറുടെ പിഎസ്ജിയിലെ കരാർ. ഇത് 2025 വരെ നീട്ടാൻ ക്ലബ്‌ പരിശ്രമിക്കുന്നുണ്ട്. അങ്ങനെയായാൽ നിയമപ്രകാരം നെയ്മർക്ക് ബാഴ്സയിൽ എത്താൻ സാധിക്കില്ല. എന്നാൽ നെയ്മർ കരാർ പുതുക്കാൻ സമ്മതം മൂളിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *