ഫ്ലിക്കിന് സുഖമുള്ള തലവേദന:റിപ്പോർട്ട്
ഈ സീസണിൽ മികച്ച ഒരു തുടക്കം ഉണ്ടാക്കിയെടുക്കാൻ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണക്ക് കഴിഞ്ഞിട്ടുണ്ട്. ലാലിഗയിൽ എട്ടുമത്സരങ്ങൾ കളിച്ചപ്പോൾ ഏഴിലും വിജയിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ രണ്ടു മത്സരങ്ങളിൽ ഒരു വിജയം അവർ സ്വന്തമാക്കിയിട്ടുണ്ട്.എടുത്തുപറയേണ്ടത് ഗംഭീര പ്രകടനം ബാഴ്സ നടത്തുന്നു എന്നതാണ്.ഓരോ മത്സരങ്ങളിലും കൂടുതൽ ഗോളുകൾ നേടാൻ അവർക്ക് കഴിയുന്നുണ്ട്. സ്പാനിഷ് ലീഗിൽ എട്ടുമത്സരങ്ങളിൽ നിന്ന് 25 ഗോളുകളാണ് ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്.
ബാഴ്സയെ കുറിച്ച് ഒരു ലേഖനം പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിശീലകനായ ഹാൻസി ഫ്ലിക്കിന് സുഖമുള്ള തലവേദന എന്നാണ് ഇതിന്റെ തലക്കെട്ടായി കൊണ്ട് അവർ നൽകിയിട്ടുള്ളത്.കാര്യം മറ്റൊന്നുമല്ല, പരിക്കിൽ നിന്നും മുക്തരായി കൊണ്ട് ഒരുപാട് സൂപ്പർ താരങ്ങൾ തിരികെ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മധ്യനിരയിൽ ഒരുപാട് ഓപ്ഷനുകൾ ഫ്ലിക്കിന് ലഭ്യമാവുകയാണ്.ഇവരിൽ ആരെയൊക്കെ കളിപ്പിക്കും എന്നുള്ള കാര്യത്തിൽ ഫ്ലിക്കിന് തലവേദന ഉണ്ടാകാൻ പോകുന്നു. അതിനെയാണ് മാർക്ക സുഖമുള്ള തലവേദന എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
മധ്യനിരയിലെ 3 പൊസിഷനുകളിലായി 9 താരങ്ങളെയാണ് ഇപ്പോൾ ബാഴ്സലോണക്ക് ലഭ്യമാകുന്നത്. നിലവിൽ ഫ്രങ്കി ഡി യോങ് പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനായി കൊണ്ട് തിരിച്ചെത്തിയിട്ടുണ്ട്.രണ്ട് സെൻട്രൽ മിഡ്ഫീൽഡ് പൊസിഷനുകൾ, ഒരു അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷൻ എന്നീ മൂന്ന് പൊസിഷനുകളിലേക്കാണ് ഒൻപത് താരങ്ങളെ ലഭ്യമായിട്ടുള്ളത്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ഡാനി ഒൽമോ,ഗാവി,ഫിർമിൻ ലോപസ് എന്നിവർ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കും. ഇതോടെയാണ് മധ്യനിരയിൽ ഒരുപാട് താരങ്ങളെ പരിശീലകന് ലഭ്യമാവുക.
ഡാനി ഒൽമോ,ഡി യോങ്,പെഡ്രി,ഗാവി,പാബ്ലോ ടോറെ,ഫെർമിൻ ലോപസ്,കസാഡോ, റാഫീഞ്ഞ,എറിക്ക് ഗാർഷ്യ എന്നീ 9 താരങ്ങളെയാണ് മിഡ്ഫീൽഡിലേക്ക് പരിശീലകനെ ലഭ്യമാവുക.റാഫീഞ്ഞ വിങ്ങറായി കൊണ്ട് കളിക്കുന്ന താരമാണെങ്കിലും അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിൽ അദ്ദേഹത്തെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും. ഈ താരങ്ങളെ എല്ലാം ലഭിക്കുന്നതോടുകൂടി റൊട്ടേഷൻ കൃത്യമായി ഫ്ലിക്ക് നടപ്പിലാക്കുകയും ചെയ്യും. ചുരുക്കത്തിൽ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം കൂടുതൽ മിന്നുന്ന പ്രകടനം നടത്തുന്ന ഒരുപാട് നമുക്ക് കാണാൻ സാധിച്ചേക്കും.