ഫ്രീകിക്ക് മെച്ചപ്പെടുത്താൻ ആരൊക്കെയാണ് സഹായിച്ചത്?രണ്ട് ഇതിഹാസങ്ങളെ പറഞ്ഞ് മെസ്സി!

കരിയറിന്റെ തുടക്കത്തിൽ ലയണൽ മെസ്സിക്ക് ഫ്രീകിക്ക് ഗോളുകളിൽ അത്ര മികവ് പുലർത്താൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരികയായിരുന്നു. ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഫ്രീകിക്ക് ടെക്കർമാരിൽ ഒരാളായി മാറാൻ ലയണൽ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ് ലയണൽ മെസ്സി.

ഏതായാലും ഈ ഫ്രീകിക്ക് ടെക്നിക്കിനെ കുറിച്ച് ഇപ്പോൾ ലയണൽ മെസ്സിയുടെ അഭിമുഖത്തിൽ ചോദിക്കപ്പെട്ടിട്ടുണ്ട്. രണ്ട് ഇതിഹാസങ്ങളുടെ പേരുകളാണ് മെസ്സി തുറന്നു പറഞ്ഞിട്ടുള്ളത്. റൊണാൾഡീഞ്ഞൊയും ഡിയഗോ മറഡോണയുമാണ് ഫ്രീകിക്ക് ടെക്നിക്കുകൾ പഠിപ്പിച്ചു തന്നിട്ടുള്ളത് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. ചൈനീസ് ഔട്ട്ലെറ്റായ TT പ്ലസിനോട് സംസാരിക്കുകയായിരുന്നു മെസ്സി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഫ്രീകിക്ക് മെച്ചപ്പെടുക എന്നുള്ളത് പരിശീലനത്തെ ആശ്രയിച്ചാണ്. നമ്മൾ തുടർച്ചയായി ഫ്രീകിക്ക് പരിശീലനം നടത്തി കഴിഞ്ഞാൽ അതിൽ പുരോഗതി കൈവരിക്കാൻ സാധിക്കും. ഓരോ ദിവസവും നിങ്ങൾക്ക് നിങ്ങളുടെ സ്കില്ലുകൾ മെച്ചപ്പെടുത്താൻ സാധിക്കും.റൊണാൾഡീഞ്ഞോ എന്നെ ഒരുപാട് പഠിപ്പിച്ചിട്ടുണ്ട്. അതുപോലെതന്നെ ഡിയഗോ മറഡോണയും എന്നെ ഒരുപാട് പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നുള്ളത് പരിശീലനം തുടരുക എന്നുള്ളതാണ് “ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.

എഫ്സി ബാഴ്സലോണയിൽ റൊണാൾഡീഞ്ഞോക്കൊപ്പം തുടക്കകാലത്ത് കളിക്കാൻ സാധിച്ചിട്ടുള്ള താരമാണ് ലയണൽ മെസ്സി. കൂടാതെ അർജന്റൈൻ ഇതിഹാസമായ മറഡോണ മെസ്സിയെ പരിശീലിപ്പിച്ചിട്ടുമുണ്ട്. ഏതായാലും ലയണൽ മെസ്സി ഇനിമുതൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുക. അടുത്ത മാസം മെസ്സിയുടെ അരങ്ങേറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *