പ്രീ സീസൺ, മൂന്ന് എതിർ ടീമുകളെ സ്ഥിരീകരിച്ച് എഫ്സി ബാഴ്സലോണ!
2021/22 സീസണിന് മുന്നോടിയായുള്ള ഒരുക്കത്തിലാണ് റൊണാൾഡ് കൂമാനും സംഘവും. കഴിഞ്ഞ തവണ കൈവിട്ട ലാ ലിഗ കിരീടം നേടുക എന്നതായിരിക്കും ബാഴ്‌സയുടെ ലക്ഷ്യം. ഇതിന് മുന്നോടിയായുള്ള പ്രീ സീസൺ മത്സരങ്ങളുടെ തിയ്യതിയും എതിരാളികളെയും സ്ഥിരീകരിച്ചിരിക്കുകയാണിപ്പോൾ എഫ്സി ബാഴ്സലോണ. മൂന്ന് സൗഹൃദമത്സരങ്ങളാണ് ബാഴ്‌സ കളിക്കുക.
ആദ്യമായി ജൂലൈ 21-ന് ടറഗോണക്കെതിരെയാണ് ബാഴ്സ സൗഹൃദമത്സരം കളിക്കുക.യോഹാൻ ക്രൈഫ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക.ജൂലൈ 24-ന് നടക്കുന്ന രണ്ടാം സൗഹൃദമത്സരത്തിൽ ജിറോണയാണ് ബാഴ്‌സയുടെ എതിരാളികൾ.ഇതും യോഹാൻ ക്രൈഫ് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക.
മൂന്നാം സൗഹൃദമത്സരത്തിനായി ബാഴ്സ ജർമ്മനിയിലേക്ക് പറക്കും.ജൂലൈ 31-ന് സ്റ്റുട്ട്ഗർട്ടിനെയാണ് ബാഴ്‌സ നേരിടുക.2010-ന് ശേഷം ഇതാദ്യമായാണ് ബാഴ്‌സയും സ്റ്റുട്ട്ഗർട്ടും മുഖാമുഖം വരുന്നത്.അന്നത്തെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ബാഴ്‌സ സ്റ്റുട്ട്ഗർട്ടിനെ പരാജയപ്പെടുത്തിയത്.
Barcelona confirm preseason plans with Manchester City friendly in doubt https://t.co/DxF5OdHKdy
— footballespana (@footballespana_) July 16, 2021
ഇതുവരെ 25 സൗഹൃദമത്സരങ്ങളാണ് ബാഴ്‌സ ജർമ്മനിയിൽ കളിച്ചിട്ടുള്ളത്.ഇതിൽ 12 മത്സരങ്ങളിൽ ബാഴ്സ വിജയിച്ചപ്പോൾ നാല് മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും 9 മത്സരങ്ങളിൽ ബാഴ്‌സ പരാജയപ്പെടുകയുമാണ് ചെയ്തിട്ടുള്ളത്.
അതേസമയം ജോയൻ ഗാമ്പർ ട്രോഫിയിൽ ബാഴ്‌സയുടെ എതിരാളികൾ ആരായിരിക്കുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് എന്നിവരിൽ ഒരു ക്ലബായിരിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.യുവന്റസും ബാഴ്‌സയും ഏറ്റുമുട്ടുകയാണെങ്കിൽ ഒരിക്കൽ കൂടി മെസ്സിയും ക്രിസ്റ്റ്യാനോയും മുഖാമുഖം വരുന്നത് കാണാനുള്ള ഭാഗ്യം ഫുട്ബോൾ ലോകത്തിന് ലഭിച്ചേക്കും.