പ്രീമിയർ ലീഗിൽ ഇങ്ങനെയല്ല : ലാലിഗയെ വിമർശിച്ച് പെപ് ഗാർഡിയോള!

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്ക് ഈ സീസണിൽ പലപ്പോഴും സ്പെയിനിൽ നിന്ന് വംശീയമായ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ വലൻസിയക്കെതിരെയുള്ള മത്സരത്തോടുകൂടിയാണ് ഇത് വലിയ വിവാദമായത്. ഇതോടെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ വിഷയത്തിൽ നടപടികൾ കൈകൊണ്ടിരുന്നു. ലാലിഗ പ്രസിഡണ്ടായ ഹവിയർ ടെബാസ് വിനീഷ്യസിനോട് മാപ്പ് പറയുകയും ചെയ്തിരുന്നു.

ഏതായാലും ഈ വിഷയത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് പരിശീലകനായ പെപ് ഗാർഡിയോള ചില കാര്യങ്ങൾ വന്നിട്ടുണ്ട്.ലാലിഗയെ പോലെയല്ല പ്രീമിയർ ലീഗെന്നും ഇവിടെ ഇത്തരം കാര്യങ്ങളിൽ കർശന നിയമമാണെന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്.സ്പെയിനിന്റെ കാര്യത്തിൽ തനിക്ക് വലിയ വിശ്വാസമൊന്നും ഇല്ലെന്നും പെപ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഇവിടെ പ്രീമിയർ ലീഗിൽ ഇത്തരം വിഷയങ്ങളിലൊക്കെ കർശന നിയമങ്ങളും നടപടികളും ഉണ്ട്. റേസിസം എന്നുള്ളത് ഒരിടത്തെ മാത്രം പ്രശ്നമല്ല. ലോകം മുഴുവനും ഈ പ്രശ്നമുണ്ട്. നമ്മുടെ രാജ്യം എല്ലാംകൊണ്ടും മികച്ചതാണെന്ന് നമ്മൾ എല്ലാവരും കരുതും.പക്ഷേ നമ്മൾ കൂടുതൽ സഞ്ചരിക്കുമ്പോഴാണ് എല്ലാവരും ഒരുപോലെയാണെന്ന് നമുക്ക് മനസ്സിലാവുക. ഇത് സ്പെയിനിനെ സംബന്ധിച്ചിടത്തോളം തിരിച്ചറിവിനുള്ള സമയമാണ്.നല്ല രീതിയിൽ മുന്നോട്ടു പോകാൻ അവർ ശ്രമിക്കണം. പക്ഷേ എനിക്ക് വലിയ വിശ്വാസം ഒന്നുമില്ല “ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

നേരത്തെ പലതവണ വിനീഷ്യസ് ലാലിഗക്ക് ഈ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ കൃത്യമായ രീതിയിലുള്ള നടപടികൾ അവർ എടുത്തിരുന്നില്ല. ഇത് തടയാനുള്ള മുൻകരുതലുകളും ലാലിഗ എടുത്തിരുന്നില്ല. പക്ഷേ ഇപ്പോഴത്തെ ഈ വലിയ വിവാദം തങ്ങളുടെ പ്രതിച്ഛായയെ ബാധിച്ചു എന്നുള്ളത് അവർ മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *