പുതിയ റെക്കോർഡുകൾ കുറിച്ച് കൊണ്ട് വീണ്ടും പിച്ചിച്ചി സ്വന്തമാക്കി മെസ്സി!
എഫ്സി ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം ലാ ലിഗ സീസൺ ആണെങ്കിലും സൂപ്പർ താരം ലയണൽ മെസ്സിക്ക് അങ്ങനെയായിരുന്നില്ല. അദ്ദേഹം തന്റെ പതിവ് പിച്ചിച്ചി ട്രോഫി ഇത്തവണയും കരസ്ഥമാക്കി. ലാലിഗയിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരന് സമ്മാനിക്കുന്ന പിച്ചിച്ചി എട്ടാം തവണയാണ് മെസ്സി നേടുന്നത്. ഏറ്റവും കൂടുതൽ തവണ പിച്ചിച്ചി നേടുന്ന താരമെന്ന തന്റെ പേരിലുള്ള റെക്കോർഡ് ഒന്ന് പുതുക്കാൻ ഇതുവഴി മെസ്സിക്ക് സാധിച്ചു.30 ഗോളുകളാണ് മെസ്സി ഈ ലാലിഗയിൽ നേടിയിട്ടുള്ളത്.23 ഗോളുകൾ നേടിയ ബെൻസിമ, മൊറീനോ,21 ഗോളുകൾ നേടിയ ലൂയിസ് സുവാരസ് എന്നിവരാണ് മെസ്സിക്ക് പിറകിൽ ഫിനിഷ് ചെയ്ത താരങ്ങൾ.
Season after season, things do not change 🔝🐐 pic.twitter.com/ESGU5l42re
— BarçaTimes (@BarcaTimes) May 22, 2021
തുടർച്ചയായി അഞ്ചാം തവണയാണ് മെസ്സി പിച്ചിച്ചി നേടുന്നത്. ഇതോട് കൂടി മറ്റൊരു റെക്കോർഡും മെസ്സി സ്വന്തമാക്കി. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ പിച്ചിച്ചി സ്വന്തമാക്കിയ താരമെന്ന ഖ്യാതിയും ഇനി ലയണൽ മെസ്സിക്ക് തന്നെ.ഹ്യൂഗോ സാഞ്ചസ്,ഡി സ്‌റ്റെഫാനോ എന്നിവർ നാല് തവണ തുടർച്ചയായി പിച്ചിച്ചി നേടിയിരുന്നു. ഇതാണ് മെസ്സി മറികടന്നത്. മെസ്സി പിച്ചിച്ചി നേടിയ വർഷവും ഗോളുകളും താഴെ നൽകുന്നു.
2009/10 (34)
2011/12 (50)
2012/13 (46)
2016/17 (37)
2017/18 (34)
2018/19 (36)
2019/20 (25)
2020/21 (30)