പരിശീലനത്തിനെത്താതെ യുവതാരം, പിന്നിൽ റയലെന്ന് മനസ്സിലാക്കി ബാഴ്‌സ!

ബാഴ്‌സയുടെ യുവ സൂപ്പർ താരം ഇലൈക്സ് മോറിബയെ ചിരവൈരികളായ റയൽ റാഞ്ചാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. പതിനെട്ടുകാരനായ താരത്തിന് ഒരു വർഷം കൂടി ബാഴ്‌സയുമായി കരാറുണ്ട്. പക്ഷേ ഭാവിയുടെ കാര്യത്തിൽ സംശയം ഉള്ളതിനാൽ മോറിബ ഇതുവരെ ബാഴ്‌സയിൽ പരിശീലനത്തിന് എത്തിയിട്ടില്ല. കൂടാതെ താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമവും ബാഴ്‌സ നടത്തുന്നുണ്ട്. മൂന്ന് വർഷത്തെ പുതിയ കരാറാണ് ബാഴ്‌സ മോറിബക്ക്‌ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഇത്‌ താരം സ്വീകരിച്ചിട്ടുമില്ല. ഇതോടെയാണ് റയൽ താരവുമായി ചർച്ച നടത്തുന്നുണ്ടെന്ന് ബാഴ്‌സ മനസ്സിലാക്കിയത്.






കഴിഞ്ഞ സീസണിൽ ബാഴ്സ സീനിയർ ടീമിന്റെ ഭാഗമായിരുന്നു മോറിബ. ബാഴ്സക്ക്‌ വേണ്ടി 18 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും 3 അസിസ്റ്റും നേടിയിരുന്നു. താരത്തിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റി ക്ലബുകളും ചെൽസിയും രംഗത്ത് വന്നിരുന്നുവെങ്കിലും ഇപ്പോൾ ബാഴ്‌സക്ക്‌ വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നത് റയലാണ്.അതേസമയം റയലിലേക്ക് ചേക്കേറൽ ബുദ്ധിമുട്ട് ആണെന്ന് താരത്തിന്റെ പ്രതിനിധികൾ അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. താരം റയലിലേക്ക് പോവുകയാണെങ്കിൽ ഇരു ടീമുകളെയും പ്രതിനിധീകരിച്ച മൂപ്പതോളം വരുന്ന താരങ്ങളുടെ ലിസ്റ്റിൽ ഇടം നേടാൻ മോറിബക്ക്‌ സാധിക്കും. റൊണാൾഡോ നസാരിയോ, ലൂയിസ് ഫിഗോ,സാമുവൽ ഏറ്റു എന്നിവരൊക്കെ അത്തരത്തിലുള്ള പ്രധാനപ്പെട്ട താരങ്ങളാണ്. ഏതായാലും താരത്തിന്റെ ഭാവി ഇപ്പോഴും ത്രിശങ്കുവിൽ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *