നെയ്മർക്ക് വേണ്ടി മറ്റൊരു ഓഫർ കൂടി സമർപ്പിക്കാനൊരുങ്ങി എഫ്സി ബാഴ്സലോണ !

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ബയേണിനോട് ഏറ്റ നാണംകെട്ട തോൽവി ബാഴ്സയിൽ സ്ഥിതിഗതികളെ ഗുരുതരാവസ്ഥയിലേക്ക് നയിച്ചിരിക്കുകയാണ്. ബാഴ്സയിലെ പ്രമുഖതാരങ്ങൾ ഉൾപ്പടെയുള്ള താരങ്ങളെയെല്ലാം തന്നെ ബാഴ്സ വിറ്റൊഴിവാക്കുമെന്ന് ബാഴ്സലോണ തന്നെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുണ്ടോ ഡീപോർട്ടീവോയും സ്പോർട്ടും റിപ്പോർട്ട്‌ ചെയ്തിരുന്നു. കൂടാതെ പുതിയ താരങ്ങളെ എത്തിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ മുമ്പ് ക്ലബ് വിട്ടുപോയ സൂപ്പർ താരം നെയ്മർ ജൂനിയറെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബാഴ്സ വീണ്ടും ആരംഭിച്ചേക്കും എന്നാണിപ്പോൾ പുറത്ത് വരുന്ന പുതിയ വാർത്തകൾ. താരത്തെ തിരിച്ചെത്തിക്കാനായാൽ ബാഴ്സക്ക് ഒരുപരിധി വരെ താളംകണ്ടെത്താനാവും എന്നാണ് ക്ലബ് അധികൃതർ വിശ്വസിക്കുന്നത്. അതിനാൽ തന്നെ നെയ്മർക്ക് വേണ്ടി മറ്റൊരു ഓഫർ കൂടി സമർപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് എഫ്സി ബാഴ്സലോണ. 54 മില്യൺ പൗണ്ടും കൂടാതെ സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാനെയുമാണ് ബാഴ്സ ഓഫർ പിഎസ്ജിക്ക് ഓഫർ ചെയ്യുക എന്നാണ് അറിയാൻ കഴിയുന്നത്.

സ്പോർട്ടിനെ ഉദ്ധരിച്ചു കൊണ്ട് ദി സൺ ആണ് ഈ വാർത്ത പുറത്ത് വിട്ടത്. എന്നാൽ ഈ ഓഫർ പിഎസ്ജി സ്വീകരിക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്. അറ്റലാന്റക്കെതിരെയുള്ള തകർപ്പൻ പ്രകടനത്തിന് ശേഷം നെയ്മറെയും എംബാപ്പെയെയും വിൽക്കാൻ തങ്ങൾക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് ക്ലബ് പ്രസിഡന്റ്‌ പരസ്യമായി പ്രസ്താവിച്ചിരുന്നു. 2017-ൽ 198 മില്യൺ പൗണ്ട് എന്ന വേൾഡ് റെക്കോർഡ് തുകക്കാണ് താരം പിഎസ്ജിയിൽ എത്തിയത്. ബാഴ്സക്ക് വേണ്ടി 186 മത്സരങ്ങളിൽ നിന്ന് 105 ഗോളുകൾ നേടിയ ശേഷമാണ് താരം ക്ലബ് വിടാൻ തീരുമാനിച്ചത്. കഴിഞ്ഞ സീസണിൽ ആയിരുന്നു അത്ലറ്റികോ മാഡ്രിഡിൽ നിന്ന് പൊന്നുംവില കൊടുത്തു കൊണ്ട് അന്റോയിൻ ഗ്രീസ്‌മാനെ ബാഴ്‌സ ക്ലബിൽ എത്തിച്ചത്. എന്നാൽ താരത്തിന് പ്രതീക്ഷിച്ച പോലെ ഫോം കണ്ടെത്താനായില്ല. 48 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളാണ് താരം ഈ സീസണിൽ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *