നിലവിലെ ഏറ്റവും മികച്ച താരം വിനീഷ്യസാണ്,പക്ഷെ : നെയ്മർ ജൂനിയർ പറയുന്നു!

ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് റയൽ മാഡ്രിഡിന് വേണ്ടി ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ കാഴ്ച്ചവെച്ചിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെതിരെ റയലിന്റെ വിജയഗോൾ നേടിയത് വിനീഷ്യസ് ജൂനിയറായിരുന്നു. ലാലിഗയും ചാമ്പ്യൻസ് ലീഗും അദ്ദേഹം ഈ സീസണിൽ സ്വന്തമാക്കിക്കഴിഞ്ഞു.

ഏതായാലും താരത്തെ പ്രശംസിച്ചുകൊണ്ട് ബ്രസീലിയൻ സഹതാരമായ നെയ്മർ ജൂനിയർ രംഗത്ത് വന്നിട്ടുണ്ട്. അതായത് ഈ സീസണിലെ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരം വിനീഷ്യസ് ജൂനിയറാണ് എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.പക്ഷെ ഈ സീസണിൽ കുറച്ചു മത്സരങ്ങൾ മാത്രമേ താൻ കണ്ടിട്ടുള്ളൂ എന്നും നെയ്മർ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം TNT സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നെയ്മറുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ സീസണിലെ ലോകത്തെ ഏറ്റവും മികച്ച താരം, അത് വിനീഷ്യസ് ജൂനിയറാണ്.അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം ഇത് വളരെ മികച്ച ഒരു സീസണാണ്. ബെൻസിമക്കും അങ്ങനെ തന്നെയാണ്. പക്ഷേ സത്യം പറഞ്ഞാൽ ഈ സീസണിൽ ഞാൻ കുറച്ചു മത്സരങ്ങൾ മാത്രമാണ് കണ്ടിട്ടുള്ളത്. പക്ഷേ ഞാൻ കണ്ടിടത്തോളം വിനീഷ്യസാണ് നിലവിലെ മികച്ച താരം ” ഇതാണ് നെയ്മർ ജൂനിയർ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ആകെ 52 മത്സരങ്ങളാണ് വിനീഷ്യസ് കളിച്ചിട്ടുള്ളത്. അതിൽനിന്ന് 22 ഗോളുകളും 16 അസിസ്റ്റുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ നെയ്മറെ സംബന്ധിച്ചിടത്തോളം ഇത് അത്ര നല്ല സീസണായിരുന്നില്ല.13 ഗോളുകളും 8 അസിസ്റ്റുകളുമാണ് നെയ്മറുടെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *