നാലുവർഷത്തെ ഇടവേളക്കുശേഷം ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു:സെർജി റോബെർട്ടോ

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ എഫ്സി ബാഴ്സലോണ വിജയം നേടിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇറ്റാലിയൻ കരുത്തരായ നാപോളിയെ ബാഴ്സലോണ പരാജയപ്പെടുത്തിയത്.ഫെർമിൻ ലോപസ്,കാൻസെലോ,ലെവന്റോസ്ക്കി എന്നിവരുടെ ഗോളുകളാണ് ബാഴ്സലോണക്ക് വിജയം സമ്മാനിച്ചത്. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയ ബാഴ്സലോണ 4 വർഷത്തിനുശേഷം ആദ്യമായി ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.

ബാഴ്സയുടെ മൂന്നാം ഗോൾ നേടിയ ലെവന്റോസ്ക്കിക്ക് അസിസ്റ്റ് ഒരുക്കി നൽകിയത് ക്യാപ്റ്റൻ സെർജി റോബർട്ടോയാണ്.മത്സരത്തിലെ വിജയത്തിൽ അദ്ദേഹം ഒരുപാട് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.നാലുവർഷത്തെ ഇടവേളക്ക് ശേഷം ബാഴ്സലോണ അർഹിക്കുന്ന സ്ഥലമായ ക്വാർട്ടർ ഫൈനലിൽ എത്തി എന്നാണ് റോബെർട്ടോ പറഞ്ഞിട്ടുള്ളത്.നാലു വർഷങ്ങൾക്കു മുന്നേ,അതായത് 2020ലായിരുന്നു അവസാനമായി ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ എത്തിയത്. അന്ന് ബയേണിനോട് രണ്ടിനെതിരെ 8 ഗോളുകൾക്ക് ബാഴ്സലോണ തോൽക്കുകയായിരുന്നു.അതിൽ നിന്നും ഇപ്പോഴാണ് ക്ലബ്ബ് കരകയറിയത് എന്ന് പറയേണ്ടിവരും.റോബെർട്ടോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” അവിശ്വസനീയമായ ഒരു രാത്രിയായിരുന്നു ഇന്ന്. ഞങ്ങൾ അർഹിക്കുന്ന ക്വാർട്ടർ ഫൈനലിലേക്കാണ് ഞങ്ങൾ ഇപ്പോൾ എത്തിയത്. അതും 4 വർഷങ്ങൾക്കുശേഷം. എല്ലാ ദിവസത്തെ പോലെയും ഇന്നും ആരാധകർ ഞങ്ങൾക്കൊപ്പമുണ്ട്. ഒരുപാട് ആരാധകർ ഈ മത്സരം വീക്ഷിക്കാൻ ഉണ്ടായിരുന്നു. പക്ഷേ ക്യാമ്പ് നൗ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്. പക്ഷേ ഞങ്ങൾക്ക് ഇത്തരത്തിലുള്ള അന്തരീക്ഷം എല്ലാ മത്സരങ്ങളിലും ആവശ്യമാണ്.വളരെ മികച്ച രീതിയിൽ തന്നെയാണ് ഞങ്ങൾ മത്സരം ആരംഭിച്ചത്. അതുപോലെ അവസാനിപ്പിക്കാനും സാധിച്ചു ” ഇതാണ് സെർജി റോബെർട്ടോ പറഞ്ഞിട്ടുള്ളത്.

നിലവിൽ മികച്ച പ്രകടനം നടത്താൻ ബാഴ്സലോണക്ക് സാധിക്കുന്നുണ്ട്. പരിശീലകൻ ചാവി ഈ സീസണിന് ശേഷം ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ബാഴ്സലോണ ആകെ 9 മത്സരങ്ങളാണ് കളിച്ചത്.ഒരു മത്സരത്തിൽ പോലും അവർക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. അടുത്ത ലീഗ് മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡാണ് ബാഴ്സലോണയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *