തോൽവി അർഹിച്ചത്, ഒരാഴ്ച്ച കൊണ്ട് എല്ലാം മാറി : ആഞ്ചലോട്ടി!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ റയൽ അട്ടിമറി തോൽവി ഏറ്റുവാങ്ങിയിരുന്നു. എസ്പനോളായിരുന്നു റയലിനെ കീഴടക്കിയത്. ഇതോടെ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് തോൽവിയും ഒരു സമനിലയുമാണ് റയൽ വഴങ്ങിയത്. സീസണിന്റെ തുടക്കത്തിൽ മികച്ച രൂപത്തിൽ കളിച്ച റയൽ കഴിഞ്ഞ ഒരാഴ്ച്ചയിൽ മോശമാവുകയായിരുന്നു. ഇതിനെതിരെ പരിശീലകൻ ആഞ്ചലോട്ടി വിമർശനം ഉന്നയിച്ചിട്ടുണ്ട്. തോൽവി അർഹിച്ചതാണെന്നും കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് താരങ്ങളുടെ ആറ്റിറ്റ്യൂഡ് മാറിയത് എന്ത്കൊണ്ടാണ് എന്ന് കണ്ടെത്തേണ്ടതുണ്ട് എന്നുമാണ് ആഞ്ചലോട്ടി അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞങ്ങൾ മോശമായാണ് കളിച്ചത്.അതിൽ കൂടുതലൊന്നും പറയാനില്ല.ഒരു ഐഡിയയുമായിട്ടായിരുന്നു ഞങ്ങൾ മത്സരം ആരംഭിച്ചത്.പക്ഷേ അത് നടപ്പിലാക്കാൻ ഞങ്ങൾക്ക്‌ കഴിഞ്ഞില്ല. ഒരു ഗോൾ വഴങ്ങിയതിന് ശേഷം ഞങ്ങൾ ആകെ കൺഫ്യൂഷനിലായി. ഈ സീസണിലെ ഏറ്റവും മോശം കളിയായിരുന്നു ഇത്‌.ഇനി ഇന്റർനാഷണൽ ബ്രേക്ക്‌ ആണ്. ഒരാഴ്ച്ച കൊണ്ട് താരങ്ങളുടെ ആറ്റിറ്റ്യൂഡ് എങ്ങനെയാണ് മാറിയത് എന്ന് ഞങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.താരങ്ങളുടെ ആറ്റിറ്റ്യൂഡ് മാറിയിട്ടുണ്ട്. ഞങ്ങൾ മത്സരത്തിൽ അഗ്രസീവ് അല്ലായിരുന്നു. ഈ തോൽവി ഞങ്ങൾ അർഹിച്ചതാണ്.ഞങ്ങൾ ആശങ്കാകുലരാണ്. എന്തെന്നാൽ രണ്ട് മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെടുക എന്നുള്ളത് സാധാരണമായ ഒരു കാര്യമല്ല.ഞങ്ങൾക്ക്‌ ഓർഗനൈസ് ആയി കളിക്കാൻ സാധിച്ചില്ല. നല്ല രൂപത്തിൽ പന്ത് നിയന്ത്രിക്കാൻ പോലും ഞങ്ങൾക്ക് സാധിച്ചില്ല ” ആഞ്ചലോട്ടി പറഞ്ഞു.

നിലവിൽ റയൽ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ഇനി ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അത്ലറ്റിക്ക് ക്ലബ്ബിനെയാണ് റയൽ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *