തന്റെ കരിയറിലെ ഏറ്റവും എളുപ്പമുള്ള കാര്യം ഈ രണ്ട് താരങ്ങളെ മാനേജ് ചെയ്യൽ: ആഞ്ചലോട്ടി പറയുന്നു!

കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് റയൽ ബെറ്റിസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ വിനീഷ്യസ്,റോഡ്രിഗോ എന്നിവരായിരുന്നു റയലിന്റെ ഗോളുകൾ നേടിയത്.

ഏതായാലും മത്സരത്തിന്റെ ആദ്യ ഇലവനിൽ ആഞ്ചലോട്ടി ടോണി ക്രൂസിന് ഇടം നൽകിയിരുന്നില്ല.ഇതിനുള്ള വിശദീകരണം റയലിന്റെ പരിശീലകൻ നൽകിയിട്ടുണ്ട്. മാത്രമല്ല ടോണി ക്രൂസിനെയും ലുക്കാ മോഡ്രിച്ചിനേയും മാനേജ് ചെയ്യുന്നതാണ് തന്റെ കരിയറിലെ ഏറ്റവും എളുപ്പമുള്ള കാര്യമെന്നും ആഞ്ചലോട്ടി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഒരു മത്സരത്തിനുശേഷം നിങ്ങൾക്ക് നിങ്ങളുടെ ഇലവനെ കുറിച്ച് ധാരണയുണ്ടാവും. എന്നാൽ പരിശീലനത്തിന് ശേഷം ചെറിയ മാറ്റങ്ങൾ നിങ്ങൾ തന്നെ വരുത്തിയേക്കും. താരങ്ങളെ പുറത്തിരുത്തുക എന്നുള്ളത് വളരെയധികം സങ്കീർണമായ ഒരു കാര്യമാണ്.പ്രത്യേകിച്ച് ഇവരൊക്കെ ലോകത്തിലെ ഏത് ടീമിന് വേണ്ടിയും കളിക്കാൻ കെൽപ്പുള്ള താരങ്ങളാണ്. ഈ മത്സരത്തിൽ ക്രൂസിനും വാൽവെർദെക്കും കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. 20 മിനിറ്റ് കളിച്ച വാൽവെർദെ അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്തു.അവർ എത്രനേരം കളിക്കുന്നു എന്നുള്ളതിനല്ല പ്രാധാന്യം, മറിച്ച് അതിലെ ക്വാളിറ്റിക്കാണ് പ്രാധാന്യം നൽകേണ്ടത്.മോഡ്രിച്ച്,ക്രൂസ് തുടങ്ങിയ താരങ്ങളെ കൺവിൻസ് ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്തെന്നാൽ അവർ വളരെയധികം വിനയമുള്ളവരും ഇന്റലിജന്റുമാണ്.അവർ കളിച്ചില്ലെങ്കിലും പ്രാധാന്യമർഹിക്കുന്നവരാണ് എന്നുള്ളത് അവർക്ക് തന്നെ അറിയാം.ഈ രണ്ടു താരങ്ങളെയും മാനേജ് ചെയ്യുന്നതാണ് എന്റെ കരിയറിലെ ഏറ്റവും എളുപ്പമുള്ള കാര്യം ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.

ഇനി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരമാണ് റയൽ മാഡ്രിഡ് കളിക്കുക.സെൽറ്റിക്കാണ് റയലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *