ടീമിൽ ഇടം നൽകില്ലെന്ന് കൂമാൻ, സുവാരസ് ബാഴ്സയുടെ പുറത്തേക്ക് !

ആറു വർഷക്കാലം ബാർസയുടെ നിർണായകസാന്നിധ്യമായിരുന്ന ലൂയിസ് സുവാരസ് ബാഴ്സ വിടുമെന്നത് ഏറെക്കുറെ ഉറപ്പാവുന്നു. വിവിധമാധ്യമങ്ങളാണ് സുവാരസ് ഈ ട്രാൻസ്ഫർ ജാലകത്തിൽ മറ്റൊരു ക്ലബ്ബിലേക്ക് എത്തുമെന്ന് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. തന്റെ പദ്ധതികളിൽ സുവാരസിന് ഇടമില്ലെന്ന് കൂമാൻ അറിയിച്ചതോടെയാണ് സുവാരസിന് മറ്റൊരു ക്ലബ് തേടേണ്ട അവസ്ഥ വന്നത്. കഴിഞ്ഞ ദിവസം ലൂയിസ് സുവാരസിന്റെ വക്കീലുമായും താരവുമായും കൂമാൻ നേരിട്ട് സംസാരിച്ചതായാറണ് വാർത്തകൾ. തുടർന്ന് തന്റെ ടീമിൽ ഇടം ലഭിക്കില്ലെന്ന് സുവാരസിനോട് കൂമാൻ അറിയിക്കുകയായിരുന്നു. ഇതോടെ മുപ്പത്തിമൂന്നുകാരനായ ഈ സൂപ്പർ സ്ട്രൈക്കെർ മറ്റൊരു ക്ലബ് തേടിയേക്കും. സുവാരസിനെ കൂടാതെ ബുസ്ക്കെറ്റ്സ്, ആൽബ എന്നിവരും ക്ലബ്‌ വിടലിന്റെ തൊട്ടടുത്താണ് എന്നാണ് സൂചനകൾ.

നിലവിൽ താരത്തിന് ബാഴ്സയുമായി ഒരു വർഷം കൂടി കരാർ അവശേഷിക്കുന്നുണ്ട്. മാത്രമല്ല വരുന്ന സീസണിൽ കൂടി ക്ലബിൽ തുടർന്നാൽ കരാർ പുതുക്കാനുള്ള സുവർണ്ണാവസരവും താരത്തിനുണ്ട്. അടുത്ത സീസണിലെ അറുപത് ശതമാനം മത്സരങ്ങളിൽ സുവാരസിന് കളിക്കാൻ കഴിഞ്ഞാൽ കരാർ ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും. എന്നാൽ കൂമാൻ സ്ഥാനം തരില്ലെന്ന് തീർത്തു പറഞ്ഞതോടെ ഈ മോഹങ്ങൾക്ക് തിരിച്ചടി ഏൽക്കുകയായിരുന്നു. സുവാരസിന് ആണേൽ ക്ലബ് വിടാൻ ഒട്ടും താല്പര്യമില്ല. പകരക്കാരന്റെ റോളിൽ ആണെങ്കിലും ക്ലബിൽ തുടരാൻ താൻ തയ്യാറാണ് എന്ന് സുവാരസ് അറിയിച്ചിരുന്നു.കൂടാതെ താൻ ക്ലബ് വിടേണ്ട കാര്യം തന്നോട് നേരിട്ട് പറയാതെ മാധ്യമങ്ങളിൽ കൂടി ചോർന്നതിനെതിരെ താരം രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂമാൻ നേരിട്ട് ഇക്കാര്യം താരത്തെ അറിയിച്ചത്. സുവാരസിന് വേണ്ടി മുൻ ക്ലബ് അയാക്സ് 13.5 മില്യൺ പൗണ്ടിന്റെ ഓഫറുമായി ബാഴ്സയെ സമീപിച്ചിരുന്നു. ഇത് ബാഴ്സ പരിഗണിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *