ഞാൻ വിളിച്ചപ്പോൾ എടുത്തില്ല,വിനിയെ കൊണ്ട് വിളിപ്പിച്ചപ്പോൾ എടുത്തു:ബെല്ലിങ്ങ്ഹാമിനോട് ദേഷ്യത്തിലാണെന്ന് ആഞ്ചലോട്ടി!
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് നിലവിൽ അമേരിക്കയിലാണ് പ്രീ സീസൺ നടത്തിക്കൊണ്ടിരിക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും അവരിപ്പോൾ പരാജയപ്പെട്ടിട്ടുണ്ട്.ആദ്യ മത്സരത്തിൽ എസി മിലാനോടും രണ്ടാമത്തെ മത്സരത്തിൽ ബാഴ്സയോടുമാണ് അവർ പരാജയപ്പെട്ടിട്ടുള്ളത്. ഇപ്പോൾ ചെൽസിയെ നേരിടാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ് ഉള്ളത്.
ഇംഗ്ലീഷ് സൂപ്പർ താരമായ ജൂഡ് ബെല്ലിങ്ങ്ഹാം നിലവിൽ വെക്കേഷനിലാണ് ഉള്ളത്. ഇതേക്കുറിച്ച് കാർലോ ആഞ്ചലോട്ടി രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിട്ടുണ്ട്. താൻ കോൾ ചെയ്തപ്പോൾ എടുക്കാത്ത ബെല്ലിങ്ങ്ഹാം വിനീഷ്യസിനെ കൊണ്ട് വിളിച്ചപ്പോൾ എടുത്തു എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ താൻ ബെല്ലിങ്ങ്ഹാമിനോട് ദേഷ്യത്തിലാണെന്നും തമാശ രൂപേണ ആഞ്ചലോട്ടി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇന്നലെ എന്നെ ദേഷ്യം പിടിപ്പിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഞാൻ ബെല്ലിങ്ങ്ഹാമിനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ എന്റെ കോൾ അവൻ എടുത്തിരുന്നില്ല. അതോടെ ഞാൻ വിനീഷ്യസിനെ കൊണ്ട് വിളിപ്പിച്ചു.അപ്പോൾ ബെല്ലിങ്ങ്ഹാം എടുക്കുകയും ചെയ്തു.അപ്പോൾ ഞാൻ അവിടെ കാത്തുനിൽക്കുകയായിരുന്നു. തുടർന്ന് വിനീഷ്യസ് എനിക്ക് ഫോൺ നൽകുകയും ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ എനിക്ക് അദ്ദേഹത്തോട് ദേഷ്യം ഉണ്ട് “ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
വളരെ തമാശ രൂപേണ ചിരിച്ചുകൊണ്ടാണ് ആഞ്ചലോട്ടി ഇക്കാര്യം പറഞ്ഞിട്ടുള്ളത്. നിലവിൽ വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിനോടൊപ്പം ഉണ്ട്. അതേസമയം എംബപ്പേ,ബെല്ലിങ്ങ്ഹാം എന്നിവർ ഒന്നും ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടില്ല.യുവേഫ സൂപ്പർ കപ്പിന് വേണ്ടിയായിരിക്കും ഇവർ ടീമിനോടൊപ്പം ജോയിൻ ചെയ്യുക.