ഞാനൊരിക്കലും മെസ്സിയുടെയോ സുവാരസിന്റെയോ അടുത്ത സുഹൃത്തായിരുന്നില്ല, പറയുന്നത് ഇവാൻ റാക്കിറ്റിച്ച് !

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയുടെയോ ലൂയിസ് സുവരാസിന്റെയോ അടുത്ത സുഹൃത്തുക്കളാവാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് മുൻ ബാഴ്സ താരം ഇവാൻ റാക്കിറ്റിച്ച്. കഴിഞ്ഞ ദിവസം എൽ ഡെസ്മാർക്യൂവിന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നത്. അവരുടെ ഉറ്റ സുഹൃത്തുക്കളാവാൻ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും പക്ഷെ അവരെ ഇരുവരെയും താൻ ബഹുമാനിക്കുന്നുവെന്നും റാക്കിറ്റിച്ച് അറിയിച്ചു. ആറു വർഷം ബാഴ്‌സയിൽ കളിച്ചതിന് ശേഷം ഈ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു താരം സെവിയ്യയിലേക്ക് ചേക്കേറിയിരുന്നത്. 2011 മുതൽ 2014 വരെ റാക്കിറ്റിച്ച് സെവിയ്യയിൽ തന്നെയായിരുന്നു കളിച്ചത്. അവിടെ യൂറോപ്പ ലീഗ് നേടിയ ശേഷമാണ് താരം ബാഴ്സയിൽ എത്തിയത്. അതേ സമയം ക്രോയേഷ്യൻ ടീമിൽ നിന്ന് താൻ വിരമിക്കുന്നതായി റാക്കിറ്റിച്ച് ഇതോടൊപ്പം വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണ് ഇതെന്നും എന്നാൽ വിരമിക്കാനുള്ള യഥാർത്ഥ സമയം ഇതാണ് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. 106 മത്സരങ്ങൾ ക്രോയേഷ്യക്ക് വേണ്ടി കളിച്ച താരം 15 ഗോളുകൾ നേടിയിട്ടുണ്ട്. കൂടാതെ 2018 വേൾഡ് കപ്പ് ഫൈനലിൽ എത്തുന്നതിൽ നിർണായകപങ്ക് വഹിക്കുകയും ചെയ്തു.

” ഞാൻ എന്റെ ഭാഗം വ്യക്തമാക്കാം. ഞാൻ ഒരിക്കലും മെസ്സിയുടെയോ സുവാരസിന്റെയോ അടുത്ത സുഹൃത്തുക്കൾ ആയിരുന്നില്ല. 23-24 താരങ്ങൾ ഉള്ള ഒരു സ്‌ക്വാഡിൽ അവരോടൊപ്പം അടുത്ത സൗഹൃദം സ്ഥാപിക്കുക എന്നുള്ളത് ബുദ്ദിമുട്ടുള്ള കാര്യമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നത് ആന്ദ്രേസ് ഇനിയേസ്റ്റ, ടെർ സ്റ്റീഗൻ, കെവിൻ പ്രിൻസ് ബോട്ടങ്, ജൂനിയർ ഫിർപ്പോ എന്നിവരായിരുന്നു. പക്ഷെ ഞാൻ അവരെ രണ്ട് പേരെയും ബഹുമാനിക്കുന്നു. അവർ ആറു വർഷക്കാലത്തോളം എന്റെ സഹതാരങ്ങളായിരുന്നു. ടീമിന്റെ പ്രധാനപ്പെട്ട താരങ്ങളുമായിരുന്നു. തീർച്ചയായും നല്ല രീതിയിൽ തന്നെയായിരുന്നു ഞങ്ങൾ ഇടപഴകിയിരുന്നത്. മാത്രമല്ല ഞാൻ വളരെയധികം അവരെ ബഹുമാനിക്കുകയും ചെയ്തിരുന്നു. കൊറോണ വൈറസിന്റെ ലോക്ക്ഡൗണിന്റെ സമയത്ത് ഞങ്ങൾ വളരെയധികം അടുപ്പം കാണിച്ചു. ഞങ്ങൾ അയൽവാസികളുമായിരുന്നു. ഈ കഴിഞ്ഞ വർഷങ്ങളിൽ അവർ എന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറിയത്. അതിന് ഞാൻ നന്ദി ഉള്ളവനായിരിക്കും ” റാക്കിറ്റിച്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *