ഞങ്ങളെപ്പോലെ തന്നെ,ജിറോണയുടെ പ്രകടനത്തിൽ അത്ഭുതമില്ല:സാവി

ഇന്ന് ലാലിഗയിൽ നടക്കുന്ന പതിനാറാം റൗണ്ട് പോരാട്ടത്തിൽ വമ്പന്മാരായ എഫ്സി ബാഴ്സലോണ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ജിറോണയാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം അരങ്ങേറുക. ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.

ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഈ സീസണിൽ ജിറോണ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. 15 മത്സരങ്ങളിൽ നിന്ന് 38 പോയിന്റ് ഉള്ള അവർ ലീഗിൽ രണ്ടാം സ്ഥാനത്താണ്.34 പോയിന്റുള്ള ബാഴ്സലോണ മൂന്നാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ ബാഴ്സയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ ജിറോണക്ക് റയലിനെ മറികടന്നുകൊണ്ട് ഒന്നാം സ്ഥാനം സ്വന്തമാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഒരു കടുത്ത പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

ജിറോണയെ കുറിച്ച് ചില കാര്യങ്ങൾ ബാഴ്സയുടെ പരിശീലകനായ സാവി ഇപ്പോൾ പറഞ്ഞിട്ടുണ്ട്.കിരീടത്തിന് വേണ്ടി പോരാടാൻ സാധിക്കുന്നവരാണ് ജിറോണ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ബാഴ്സയുടെ സിസ്റ്റത്തിന് സമാനമാണ് ജിറോണയുടെ സിസ്റ്റമെന്നും അവരുടെ ഈ മികച്ച പ്രകടനത്തിൽ അത്ഭുതമില്ല എന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ജിറോണയുടെ ഈ പ്രകടനം ചില ആളുകൾക്ക് അൽഭുതം ഉണ്ടാക്കുന്നുണ്ട്.എന്നാൽ ഞങ്ങൾക്ക് അതിൽ അത്ഭുതമില്ല. മിഷേൽ ഒരു മികച്ച പരിശീലകനാണ്. ഞങ്ങളുടെ സിസ്റ്റത്തിന് സമാനമാണ് അവരുടെ സിസ്റ്റം.തീർച്ചയായും ഞങ്ങൾ അവരെ അഭിനന്ദിക്കുന്നു.അവർക്ക് കിരീടത്തിന് വേണ്ടി പോരാടാൻ സാധിക്കും. ഞങ്ങളെക്കാൾ 4 പോയിന്റിന് മുകളിലാണ് അവർ ഉള്ളത്.ഭയപ്പാടുകൾ ഒന്നുമില്ലാതെയാണ് അവർ കളിക്കുന്നത്. അവരുടെ അറ്റാക്കിങ് വളരെ ശക്തമാണ്. വളരെ ധീരരാണ് ജിറോണ, അതുകൊണ്ടുതന്നെയാണ് പോയിന്റ് പട്ടികയിൽ മുൻപന്തിയിൽ അവർ നിൽക്കുന്നത് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയതിന്റെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബാഴ്സ ഇന്നത്തെ മത്സരത്തിന് വരുന്നത്. അതേസമയം ഈ സീസണിൽ കേവലം ഒരു തോൽവി മാത്രമാണ് ജിറോണ വഴങ്ങിയിട്ടുള്ളത്. അത് റയൽ മാഡ്രിഡിനെതിരെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *