ചെൽസിയെ തീർത്ത് സിറ്റി,റയലിന് സമനിലകുരുക്ക്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ വിജയം സ്വന്തമാക്കാൻ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ ചെൽസിയെ തോൽപ്പിച്ചത്. സൂപ്പർ താരങ്ങളായ ഏർലിംഗ് ഹാലന്റ്,മാറ്റിയോ കൊവാസിച്ച് എന്നിവരുടെ ഗോളുകളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.

മത്സരത്തിന്റെ പതിനെട്ടാം മിനിട്ടിലാണ് ഹാലന്റിന്റെ ഗോൾ പിറക്കുന്നത്.സിൽവ നൽകിയ ബോൾ അതിവിദഗ്ധമായി ഹാലന്റ് ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് 84ആം മിനുട്ടിലാണ് കൊവാസിച്ചിന്റെ ഗോൾ പിറന്നിട്ടുള്ളത്.ഒരു സോളോ ഗോൾ തന്നെയാണ് താരം നേടിയിട്ടുള്ളത്. മനോഹരമായ മുന്നേറ്റത്തിനൊടുവിൽ ഒരു കിടിലൻ ഷോട്ടിലൂടെയാണ് കൊവാസിച്ച് ഗോൾ നേടിയത്.ഇതോടെ സിറ്റി വിജയം ഉറപ്പിക്കുകയായിരുന്നു.

അതേസമയം ഇന്നലെ ലാലിഗയിൽ നടന്ന ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നിട്ടുണ്ട്.മയ്യോർക്കയാണ് അവരെ സമനിലയിൽ തളച്ചത്. മത്സരത്തിൽ റോഡ്രിഗോയാണ് റയലിന് വേണ്ടി ലീഡ് നേടിയത്.വിനിയുടെ അസിസ്റ്റിൽ നിന്നും ഒരു കിടിലൻ ഗോളാണ് താരം നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ഹെഡർ ഗോളിലൂടെ മുറിക്വി മയ്യോർക്കയെ ഒപ്പമെത്തിക്കുകയായിരുന്നു.പിന്നീട് ഗോളുകൾ ഒന്നും പിറന്നില്ല

മത്സരത്തിന്റെ അവസാനത്തിൽ മെന്റി റെഡ് കാർഡ് കണ്ട് പുറത്തു പോവുകയും ചെയ്തു.എംബപ്പേ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ ഇറങ്ങിയിട്ടും വേണ്ടത്ര ആക്രമണങ്ങൾ സംഘടിപ്പിക്കാൻ റയൽ മാഡ്രിഡിന് സാധിക്കാതെ പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *