ഗ്രീസ്മാനെ ഇറക്കുന്നത് സബ്സ്റ്റിറ്റ്യൂട്ട് റോളിൽ,അത്ലറ്റിക്കോക്കെതിരെ കേസ് നൽകാനൊരുങ്ങി ബാഴ്സ!

കഴിഞ്ഞ സീസണിലായിരുന്നു ഫ്രഞ്ച് സൂപ്പർതാരം അന്റോയിൻ ഗ്രീസ്മാൻ ബാഴ്സ വിട്ടുകൊണ്ട് തന്റെ പഴയ ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് തന്നെ തിരിച്ചെത്തിയത്.രണ്ടുവർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ഗ്രീസ്മാൻ അത്ലറ്റിക്കോയിൽ എത്തിയിട്ടുള്ളത്.ഇപ്പോൾ ഒരു വർഷം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ സീസണിലാണ് ഇപ്പോൾ ഗ്രീസ്മാൻ കളിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ ഗ്രീസ്മാനെ ലോണിൽ നൽകുന്ന സമയത്ത് ബാഴ്സ അത്ലറ്റിക്കോക്ക് മുന്നിൽ ഒരു നിബന്ധന വെച്ചിരുന്നു.അതായത് രണ്ട് സീസണുകളിലും കൂടി ആകെ അത്ലറ്റിക്കോ കളിക്കുന്നതിന്റെ 50% സമയത്തിലധികം ഗ്രീസ്മാൻ അത്ലറ്റിക്കോക്ക് വേണ്ടി കളിച്ചാൽ ക്ലബ്ബ് ബാഴ്സക്ക് താരത്തിന് വേണ്ടി 40 മില്യൺ യൂറോ നൽകേണ്ടിവരും.ഇതായിരുന്നു നിബന്ധന.

കഴിഞ്ഞ സീസണിൽ 80 ശതമാനത്തോളം സമയം ഗ്രീസ്മാൻ കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാഴ്സക്ക് 40 മില്യൺ യൂറോ നൽകാതിരിക്കണമെങ്കിൽ ഈ സമയത്തിന്റെ കണക്ക് ബാലൻസ് ചെയ്യേണ്ടതുണ്ട്. അതിനാൽ തന്നെ ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡ് ഗ്രീസ്മാനെ പകരക്കാരന്റെ രൂപത്തിലാണ് ഇറക്കാറുള്ളത്. മത്സരത്തിന്റെ 60 മിനുട്ടിന് ശേഷമാണ് ഗ്രീസ്മാനെ സിമയോണി ഇറക്കാറുള്ളത്. അങ്ങനെ ബാഴ്സക്ക് നൽകാനുള്ള 40 മില്യൺ യൂറോ സേവ് ചെയ്യാനാണ് അത്ലറ്റിക്കോ ശ്രമിക്കുന്നത്.

എന്നാൽ അത്ലറ്റിക്കോയുടെ ഈ പ്രവർത്തനത്തിൽ ബാഴ്സ അസംതൃപ്തരാണ്. അതുകൊണ്ടുതന്നെ അത്ലറ്റിക്കോക്കെതിരെ ബാഴ്സ കേസ് നൽകാനുള്ള ഒരുക്കത്തിലാണ്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഉൾപ്പടെയുള്ളവർ ഇക്കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

5 മത്സരങ്ങളിലാണ് ഗ്രീസ്മാൻ പകരക്കാരന്റെ രൂപത്തിൽ ഇതുവരെ ഈ സീസണിൽ ഇറങ്ങിയിട്ടുള്ളത്.മൂന്ന് ഗോളുകൾ താരം നേടുകയും ചെയ്തിട്ടുണ്ട്. ക്ലബ്ബിൽ ഇപ്പോൾ വഹിക്കുന്ന ഈ പുതിയ റോൾ ഗ്രീസ്മാൻ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ക്ലബ്ബിനെയും സിമയോണിയെയും സഹായിക്കാൻ താൻ ഏത് രൂപത്തിലും തയ്യാറാണ് എന്നാണ് ഇതേക്കുറിച്ച് ഗ്രീസ്മാൻ പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!