ഗോളടിക്കാനാവാതെ മെസ്സിയും സുവാരസും,ബാഴ്സ-അത്ലറ്റിക്കോ മത്സരം സമനിലയിൽ, റയലിന് പ്രതീക്ഷ!

ലാലിഗയിൽ നടന്ന നിർണായകമായ മത്സരത്തിൽ ജയിക്കാനാവാതെ ബാഴ്സയും അത്ലറ്റിക്കോയും. ക്യാമ്പ് നൗവിൽ വെച്ച് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോളുകളൊന്നും നേടാനാവാതെയാണ് സമനിലയിൽ പിരിഞ്ഞത്. ഇതോടെ ലാലിഗയിൽ കിരീടസമവാക്യങ്ങൾ മാറി മറിയുകയാണ്. ഈ സമനില കാര്യങ്ങൾ അനുകൂലമാക്കിയത് റയൽ മാഡ്രിഡിനാണ്. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്‌ അത്ലറ്റിക്കോയാണ്.35 മത്സരങ്ങളിൽ നിന്ന് 77 പോയിന്റാണ് അത്ലറ്റിക്കോക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 75 പോയിന്റാണ്.ഒരു മത്സരം കുറച്ചു കളിച്ച റയലിന് 74 പോയിന്റാണുള്ളത്. അടുത്ത റയലിന്റെ മത്സരം സെവിയ്യക്കെതിരെയാണ്.

മെസ്സി-ഗ്രീസ്‌മാൻ എന്നിവരാണ് ബാഴ്സയുടെ ആക്രമണങ്ങൾ നേതൃത്വം നൽകിയത്.സുവാരസ്-കൊറേയ എന്നിവരാണ് അത്ലറ്റിക്കോയുടെ ആക്രമണത്തെ നയിച്ചത്. മെസ്സിയുടെ ഒരു സോളോ റൺ മാറ്റിനിർത്തിയാൽ ആദ്യപകുതിയിൽ അത്ലറ്റിക്കോയുടെ സമ്പൂർണ ആധിപത്യമാണ് കാണാൻ സാധിച്ചത്. എന്നാൽ ഗോളുകൾ നേടാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. പകരക്കാരനായി ഇറങ്ങിയ ഡെംബലെ ഗോളിന് വേണ്ടി പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *