ഗെറ്റാഫെയേയും തോൽപ്പിച്ചു,റയൽ മാഡ്രിഡ് ലീഗിലെ കുതിപ്പ് തുടരുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന ഇരുപതാം റൗണ്ട് മത്സരത്തിൽ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഗെറ്റാഫെയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയിട്ടുള്ളത്. സ്ട്രൈക്കർ ഹൊസെലു നേടിയ ഇരട്ട ഗോളുകളാണ് റയലിന് വിജയം സമ്മാനിച്ചിട്ടുള്ളത്.ലാലിഗയിലെ കുതിപ്പ് റയൽ മാഡ്രിഡ് ഇപ്പോൾ തുടരുകയാണ്.
ഹൊസെലു,വിനീഷ്യസ് എന്നിവർക്കൊപ്പം മോഡ്രിച്ച്,ബെല്ലിങ്ങ്ഹാം,വാൽവെർദേ എന്നിവരും ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. മത്സരത്തിന്റെ പതിനാലാം മിനിറ്റിലാണ് ഹൊസേലു റയൽ മാഡ്രിഡിന് ലീഡ് നേടിക്കൊടുത്തത്.വാസ്കസിന്റെ അസിസ്റ്റിൽ നിന്നും ഹെഡറിലൂടെയാണ് താരം ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഈ ഒരു ഗോളിന്റെ ലീഡിലാണ് റയൽ മാഡ്രിഡ് കളം വിട്ടത്.
Real Madrid are back in 𝐅𝐈𝐑𝐒𝐓 after Joselu’s heroics 🦸♂️🥇 pic.twitter.com/ND47IRwLbL
— 433 (@433) February 1, 2024
രണ്ടാം പകുതിയിൽ വീണ്ടും ഹൊസേലു തന്നെ ഗോൾ കണ്ടെത്തുകയായിരുന്നു. മത്സരത്തിന്റെ 56ആം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഹൊസേലുവിന്റെ രണ്ടാം ഗോൾ പിറന്നിരുന്നത്.ഇതോടുകൂടി റയൽ മാഡ്രിഡ് വിജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിൽ ഗെറ്റാഫക്ക് മേൽ ആധിപത്യം പുലർത്തിയത് റയൽ മാഡ്രിഡ് തന്നെയായിരുന്നു. വിജയത്തോടെ ഒന്നാം സ്ഥാനത്താണ് റയൽ ഇപ്പോൾ ഉള്ളത്.
22 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായാണ് റയൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 55 പോയിന്റ് ഉള്ള ജിറോണ രണ്ടാം സ്ഥാനത്താണ്. അതേസമയം ഇത്രയും മത്സരങ്ങളിൽ നിന്ന് 47 പോയിന്റ് വീതമുള്ള അത്ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും മൂന്നും നാലും സ്ഥാനങ്ങളിൽ ഉണ്ട്. ഇനി അടുത്ത ലീഗ് മത്സരത്തിൽ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡാണ് റയലിന്റെ എതിരാളികൾ.