ഗാരെത് ബെയ്ൽ പോയിക്കിട്ടാൻ പണം നൽകാനും തയ്യാറായി റയൽ മാഡ്രിഡ്‌ !

റയൽ മാഡ്രിഡിന്റെ സൂപ്പർ താരം ഗാരെത് ബെയ്‌ലിനിപ്പോൾ അത്ര നല്ല കാലമല്ല. താരത്തിന്റെയും ക്ലബ്ബിന്റെയും ബന്ധത്തിന് വിള്ളലേറ്റിട്ട് കാലം കുറച്ചായി. ഈ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ കൈമാറാൻ റയൽ പരിശീലകൻ സിദാൻ ക്ലബ്ബിനോട് ആവിശ്യപ്പെട്ടിരുന്നുവെങ്കിലും താരം അതിന് സമ്മതിക്കാതിരിക്കുകയായിരുന്നു. താൻ റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ച ബെയ്ൽ തന്നെ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ടീം വിടാൻ അനുവദിക്കാത്ത റയലിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു. കഴിഞ്ഞ സമ്മറിൽ താരത്തിന് വേണ്ടി ഒരു ചൈനീസ് ക്ലബ് റയലിനെ സമീപ്പിച്ചിരുന്നു. എന്നാൽ അവസാനനിമിഷം റയൽ മാഡ്രിഡ്‌ അത്‌ മുടക്കുകയായിരുന്നു എന്നാണ് ബെയ്ൽ ദിവസങ്ങൾക്ക് മുമ്പ് സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. ഇപ്പോഴിതാ ബെയ്ൽ പോയികിട്ടാൻ വേണ്ടി പണം നൽകാൻ തയ്യാറായിരിക്കുകയാണ് റയൽ മാഡ്രിഡ്‌. താരത്തിന്റെ ബാക്കിയുള്ള സാലറിയുടെ പകുതി നൽകാം എന്നാണ് റയൽ മാഡ്രിഡ്‌ സമ്മതിച്ചിരിക്കുന്നത്.

പ്രമുഖ സ്പാനിഷ് മാധ്യമമായ എഎസ്സാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നിലവിൽ ബെയ്ലിന് രണ്ടു വർഷം കൂടി റയലിൽ കരാർ അവശേഷിക്കുന്നുണ്ട്. ഒരു സീസണിൽ 14.5 മില്യൺ യുറോയാണ് താരത്തിന് സാലറിയായി റയൽ മാഡ്രിഡിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ പകുതി തങ്ങൾ നൽകാം എന്നാണ് റയൽ സമ്മതിച്ചിരിക്കുന്നത്. അതായത് ഏഴ് മില്യൺ യുറോ അടുത്ത രണ്ട് സീസണുകളിലും ബെയ്ലിന് റയൽ നൽകും.ബാക്കി വരുന്ന തുക മാത്രം താരത്തിനെ വാങ്ങുന്ന ക്ലബ് നൽകിയാൽ മതി. നിലവിൽ പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം എന്നിവരാണ് ബെയ്ലിന് വേണ്ടി താല്പര്യം പ്രകടിപ്പിച്ചവർ. പക്ഷെ ഇവരുടെ തടസ്സം എന്തെന്നാൽ താരത്തിന്റെ ഭീമമായ സാലറിയാണ്.അടുത്ത രണ്ടു വർഷത്തെ സാലറിയുടെ പകുതി റയൽ നൽകാം എന്ന് സമ്മതിച്ച സ്ഥിതിക്ക് ഈ രണ്ട് ടീമുകളിലൊരാൾ ബെയ്‌ലിനെ സ്വന്തമാക്കും എന്ന പ്രതീക്ഷയിലാണ് റയൽ. ഈ കഴിഞ്ഞ സീസണിൽ കേവലം 1260 മിനുട്ടുകൾ മാത്രം കളിച്ച ബെയ്ൽ മൂന്നു ഗോളും രണ്ട് അസിസ്റ്റും നേടിയിരുന്നു. സാലറിക്ക് പുറമെ ബെയ്‌ലിന്റെ വിലയും റയൽ കുറച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *