ക്ലബ്‌ തന്നിൽ വിശ്വാസമർപ്പിച്ചില്ല, റയൽ വിടാനുള്ള കാരണം തുറന്ന് പറഞ്ഞ് സിദാൻ!

റയൽ മാഡ്രിഡ്‌ പരിശീലകനായിരുന്ന സിനദിൻ സിദാൻ ദിവസങ്ങൾക്ക് മുമ്പാണ് പരിശീലകസ്ഥാനമൊഴിഞ്ഞത്. ഇത്‌ രണ്ടാം തവണയാണ് സിദാൻ പരിശീലകൻ എന്ന നിലയിൽ റയലിന്റെ പടികളിറങ്ങി പോവുന്നത്. താൻ പരിശീലകസ്ഥാനം രാജിവെക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ സിദാൻ. ആവിശ്യമായ സമയത്ത് ക്ലബ് തന്നിൽ വിശ്വാസമർപ്പിച്ചില്ലെന്നും അതിനാലാണ് താൻ രാജിവെച്ചത് എന്നുമറിയിച്ചിരിക്കുകയാണ് സിദാൻ.കുറച്ചു മുമ്പ് അദ്ദേഹം റയൽ ആരാധകർക്കായി ഒരു നീണ്ട ഓപ്പൺ ലെറ്റർ പുറത്ത് വിട്ടിരുന്നു. ഇതിലാണ് താൻ റയൽ വിടാൻ ഉള്ള കാരണം വ്യക്തമാക്കിയത്. താരമായും പരിശീലകനായും 20 വർഷത്തോളം താൻ മാഡ്രിഡിസ്റ്റ ആയിരുന്നുവെന്നും ഇനിയും അങ്ങനെയായിരിക്കുമെന്നും സിദാൻ കൂട്ടിച്ചേർത്തു. ലെറ്ററിലെ പ്രധാനഭാഗം താഴെ നൽകുന്നു.

” ഞാൻ ഇപ്പോൾ റയൽമാഡ്രിഡ് വിടാൻ തീരുമാനിച്ചിരിക്കുന്നു, അതിനുള്ള കാരണം നിങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ പോവാൻ തീരുമാനിച്ചത് ഇവിടുന്ന് രക്ഷപ്പെടാൻ വേണ്ടിയോ അതല്ലെങ്കിൽ പരിശീലകനായി നിലകൊണ്ട് മടുത്തിട്ടോ അല്ല.2018 മെയ്ൽ ഞാൻ ക്ലബ് വിടാൻ കാരണം രണ്ടര കൊല്ലം പൂർത്തിയാക്കി എന്നുള്ളതിനാലും ഒരുപാട് കിരീടങ്ങൾ നേടിയതിനാലുമാണ്. അതുകൊണ്ടുതന്നെ റയൽ ഏറ്റവും ഉയർന്ന നിലയിൽ തുടരാൻ വേണ്ടി ഒരു വ്യത്യസ്തമായ അപ്രോച്ച് വേണമെന്നുള്ളത് ഞാൻ മനസ്സിലാക്കി,അതുകൊണ്ടാണ് ഞാൻ അന്ന് രാജിവെച്ചത്.

എന്നാൽ ഇന്ന് കാര്യങ്ങൾ വ്യത്യസ്തമാണ്. ഇന്ന് ഞാൻ ക്ലബ്ബ് വിടാനുള്ള കാരണം ക്ലബ്ബിന് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ്.ഒരു മീഡിയം ടേമിലോക്കോ ലോംഗ് ടേമിലോക്കോ ടീമിനെ പടുത്തുയർത്താൻ വേണ്ടി എനിക്ക് പിന്തുണ ആവശ്യമായിരുന്നു. അത് ക്ലബ്ബിൽ നിന്നും എനിക്ക് ലഭിച്ചില്ല. റയൽ മാഡ്രിഡിനെ പോലെയുള്ള ഒരു ടീം എന്താണ് ഡിമാൻഡ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ നിങ്ങൾക്ക് വിജയിക്കാൻ സാധിക്കുന്നില്ലെങ്കിൽ അവിടം വിടുന്നതാണ് നല്ലത്. പക്ഷേ ഓരോ ദിവസവും എടുത്തിട്ടാണ് ഇത് ബിൽഡ് ചെയ്യുന്നത് എന്നുള്ള കാര്യം അവർ മറക്കുന്നു. അതുപോലെ തന്നെ മാധ്യമങ്ങളുടെ പല കാര്യങ്ങളും എന്നെ വേദനിപ്പിച്ചു. എന്തൊക്കെയായാലും ഇനിയും ഞാൻ റയൽ മാഡ്രിഡിന്റെ ആരാധകരിൽ ഒരാളായി നിലകൊള്ളും “സിദാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!