ക്ലബുമായി ചർച്ച നടത്താൻ മെസ്സിക്ക് സമ്മതം, പക്ഷെ നിലപാടിൽ മാറ്റമില്ല !

എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുന്നു എന്ന വാർത്തകളുടെ വിശദാംശങ്ങൾ തന്നെയാണ് ഇപ്പോഴും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ക്ലബുമായി ചർച്ചകൾ നടത്താൻ സുപ്പർ താരം സമ്മതിച്ചതായാണ് ഒടുവിലെ വിവരം. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ക്ലബുമായി ചർച്ചകൾക്ക് മെസ്സി തയ്യാറാണെന്നും എന്നാൽ ചർച്ച ചെയ്യുക ക്ലബ് വിടുന്ന കാര്യത്തെ കുറിച്ച് മാത്രമാണ് എന്നുമാണ് സ്പോർട്ട് അറിയിക്കുന്നത്. എന്നാൽ ഈ കാര്യത്തിൽ ക്ലബ് നിലപാട് അറിയിച്ചിട്ടില്ല. മെസ്സി ക്ലബ്‌ വിടുന്ന കാര്യം ചർച്ച ചെയ്യാൻ ബാഴ്സ വഴങ്ങില്ല എന്നാണ് പുറത്തു വരുന്ന വാർത്തകൾ.മെസ്സിയെ വിറ്റുകളഞ്ഞ പ്രസിഡന്റ്‌ എന്ന ചീത്തപ്പേര് ഉണ്ടാക്കാൻ ബർതോമ്യു ഉദ്ദേശിക്കുന്നില്ല എന്നതാണ് ഇതിന് കാരണം. ഇതിനാൽ തന്നെ മെസ്സി ക്ലബ് വിടുന്ന കാര്യം ചർച്ച ചെയ്യാൻ വേണ്ടി ഒരു കൂടിക്കാഴ്ച്ച നടത്താൻ ബർതോമ്യു ഒരുക്കമല്ല. മറിച്ച് എന്തെങ്കിലും നിബന്ധനകൾ ആവിശ്യപ്പെട്ട് കൊണ്ട് മെസ്സി ബാഴ്സയിൽ തന്നെ തുടരാം എന്ന സൂചനകൾ നൽകിയാൽ ഒരുപക്ഷെ ചർച്ചകൾക്ക് കളമൊരുങ്ങിയേക്കും.

പക്ഷെ ഇതുവരെ മെസ്സി തന്റെ മനസ്സ് മാറ്റിയിട്ടില്ല എന്നാണ് അറിവ്. പക്ഷെ ക്ലബുമായി പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാതെ നല്ല രീതിയിൽ ക്ലബ് വിടാനാണ് മെസ്സി ആഗ്രഹിക്കുന്നത്. പക്ഷെ മെസ്സിയെ എങ്ങനെയെങ്കിലും പിടിച്ചു നിർത്തുക എന്നതാണ് മാത്രമാണ് ബർതോമ്യുവിന്റെ ഉദ്ദേശം. അത്കൊണ്ടാണ് മെസ്സി തുടർന്നാൽ താൻ രാജിവെക്കാമെന്ന് ബർതോമ്യു അറിയിച്ചത്. പക്ഷെ ഇത് പണത്തിന്റെ പ്രശ്നമോ അതല്ലെങ്കിൽ മറ്റുള്ള ക്ലബുകളിൽ നിന്ന് മെസ്സിക്ക് വന്ന ഓഫറിന്റെ പ്രലോഭനമോ ഒന്നുമല്ല. മറിച്ച് ക്ലബ്ബിന്റ പിന്തിരിപ്പൻ നയങ്ങളിലും മോശം പ്രകടനത്തിലും പ്രതിഷേധം അറിയിച്ചാണ് മെസ്സി ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ മെസ്സി ക്ലബ് വിടുമെന്നുള്ള സൂചനകൾ ക്ലബിന് നൽകിയിരുന്നു. എന്നിട്ടും ക്ലബ് ഒന്നും ചെയ്യാത്തത്തിൽ മെസ്സി അസംതൃപ്തി അറിയിച്ചിരുന്നു. ഏതായാലും കൂടുതൽ വിവരങ്ങൾ വഴിയേ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *