ക്രിസ്റ്റ്യാനോയും നെയ്മറും നഷ്ടം വരുത്തിവെച്ചു, ഇനി മെസ്സിയോ? ടെബാസ് പറയുന്നു!

സൂപ്പർ താരം ലയണൽ മെസ്സിയുടെ എഫ്സി ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ചിട്ട് ഇപ്പോൾ ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞു. താരം കരാർ പുതുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും അത്‌ ഔദ്യോഗികമായി സ്ഥിരീകരിക്കാത്തത് ആശങ്കകൾക്ക് വഴിയൊരുക്കുന്നുണ്ട്. ഏതായാലും മെസ്സി ലാലിഗ വിട്ടാൽ അത്‌ ലാലിഗയെ ബാധിക്കുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രസിഡന്റായ ഹവിയർ ടെബാസ്‌. ക്രിസ്റ്റ്യാനോയും നെയ്മറും ലീഗ് വിട്ടത് നഷ്ടം വരുത്തി വെച്ചെന്നും മെസ്സിയുടെ കാര്യത്തിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാമെന്നുമാണ് ടെബാസ്‌ അറിയിച്ചിട്ടുള്ളത്. അതേസമയം നിലവിലെ ഈ സാഹചര്യത്തിൽ മെസ്സിയെ സൈൻ ചെയ്യാൻ സിറ്റിക്കോ പിഎസ്ജിക്കോ സാധിക്കില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.പ്രമുഖ മാധ്യമമായ ദി ഗ്വാർഡിയനാണ് ടെബാസിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” മെസ്സി ലാലിഗ വിടുകയാണെങ്കിൽ അത്‌ തീർച്ചയായും ഞങ്ങളെ ബാധിക്കും. ഞങ്ങൾക്ക് നഷ്ടം വരുത്തിവെക്കും. ക്രിസ്റ്റ്യാനോയും നെയ്മറും ലാലിഗ വിട്ട സമയത്ത് ഞങ്ങൾ അത്‌ അനുഭവിച്ചതാണ്.പക്ഷേ മെസ്സി ലീഗ് വിട്ടാലും ഇന്ന് വർക്ക്‌ ചെയ്യുന്ന അതേ രൂപത്തിൽ തന്നെ ഞങ്ങൾ മുന്നോട്ട് പോവും.മെസ്സിയുടെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്നു കാണാം.ഞാൻ അറിഞ്ഞിടത്തോളം അദ്ദേഹം ആരുമായി ധാരണയിൽ എത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ സിറ്റിക്കോ പിഎസ്ജിക്കോ മെസ്സിയുടെ മുമ്പത്തെ കരാറിലെ കണ്ടീഷൻ പ്രകാരം സൈൻ ചെയ്യാൻ സാധിക്കില്ല. അത്‌ സാമ്പത്തികപരമായുള്ള ഒരുപാട് നിയമങ്ങളുടെ ലംഘനമായിരിക്കും.അത്കൊണ്ട് തന്നെ മെസ്സി ബാഴ്സയിൽ പുതിയ കരാറിൽ ഒപ്പ് വെക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കപ്പെടുന്നത് ” ടെബാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *