ഓപ്പറേഷൻ പിച്ചീച്ചി, മെസ്സിക്കിട്ട് പണികൊടുക്കാൻ റയൽ

വീഡിയോ റിപ്പോർട്ട് കാണാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ പ്ലേ ചെയ്യൂ

ലാ ലിഗ അവസാനത്തോട് അടുക്കുമ്പോൾ ഓപ്പറേഷൻ പിച്ചീച്ചിയുമായി ടോപ് സ്കോറർ സ്ഥാനത്ത് കരീം ബെൻസീമയെ എത്തിക്കാൻ റയൽ മാഡ്രിഡിൻ്റെ ശ്രമം. സ്പാനിഷ് മാധ്യമമായ മാർക്കയാണ് റയലിന് ഇങ്ങനെയൊരു പദ്ധതിയുള്ളതായി വാർത്ത നൽകിയിരിക്കുന്നത്. നിലവിൽ ലീഗിൽ രണ്ട് റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ 22 ഗോളുകളുമായി ലയണൽ മെസ്സി ടോപ് സ്കോറർ പട്ടികയിൽ ഒന്നാമതും 19 ഗോളുകളുമായി കരീം ബെൻസിമ രണ്ടാമതുമാണ്. റയൽ ചാമ്പ്യൻമാരാവാനുള്ള സാധ്യത കൂടുതലാണ് എന്നിരിക്കെ കൂടുതൽ ക്ലീൻ ഷീറ്റുകളുമായി മികച്ച ഗോൾകീപ്പർക്കുള്ള പുരസ്ക്കാരം തിബോട്ട് കോർട്ടുവ നേടാനാണ് സാധ്യത. അതുകൊണ്ട് തന്നെ ടോപ്സ് കോറർ പുരസ്കാരം കൂടി തങ്ങളുടെ താരത്തിന് ലഭിച്ചാൽ ഒരു കംപ്ലീറ്റ് സ്വീപ്പ് സാധ്യമാകും എന്നാണ് റയൽ മാഡ്രിഡിൻ്റെ തിങ്ക് ടാങ്ക്സ് കണക്കു കൂട്ടുന്നത്. ഇതിന് വേണ്ടി വരുന്ന മത്സരങ്ങളിൽ കരിം ബെൻസീമക്ക് കൂടുതൽ ഗോളവസരങ്ങൾ ഒരുക്കി കൊടുക്കുന്ന രൂപത്തിൽ ടീമിൻ്റെ ടാക്റ്റിക്സ് മാറ്റാണ് പദ്ധതി.

എന്നാൽ നേരത്തെ തന്നെ ഇതിന് അവസരമുണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം. റയൽ മാഡ്രിഡിൻ്റെ ഫസ്റ്റ് പെനാൽറ്റി ടേക്കർ ബെൻസീമയല്ല, അത് റാമോസാണ്. റാമോസ് ഇത്തവണ ലാ ലിഗയിൽ റയലിനായി 6 പെനാൽറ്റികൾ ഗോളുകളാക്കി മാറ്റി. ബെൻസിമയുടെ 19 ഗോളുകളിൽ 2 എണ്ണം മാത്രമാണ് പെനാൽറ്റിയിലൂടെ നേടിയിട്ടുള്ളത്. അതേ സമയം മെസ്സിയുടെ 22 ഗോളുകളിൽ 5 എണ്ണം പെനാൽറ്റി ഗോളുകളാണ്. അതായത് പെനാൽറ്റി ഗോളുകൾ മാറ്റി നിർത്തിയാൽ ഈ സീസണിൽ മെസ്സിയും ബെൻസീമയും 17 വീതം ഗോളുകളാണ് നേടിയിട്ടുള്ളത്. റയലിൻ്റെ പെനാൽറ്റികൾ ബെൻസീമ എടുത്തിരുന്നെങ്കിൽ കഥ മാറിയേനേ! ഇനി ശേഷിക്കുന്ന 2 മത്സരങ്ങളിൽ ഓപ്പറേഷൻ പിച്ചീച്ചിയിലൂടെ ബെൻസീമക്ക് മെസ്സിയെ മറികടക്കാനാവുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *