ഒരൊറ്റ കോൾ മതി,യു-ടേണടിക്കാം :ക്രൂസിനോട് ആഞ്ചലോട്ടി
റയൽ മാഡ്രിഡ് ഇതിഹാസമായ ടോണി ക്രൂസ് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നത്. ക്ലബ്ബ് ഫുട്ബോൾ ലോകത്തുനിന്നും അദ്ദേഹം വിരമിച്ചു കഴിഞ്ഞു.റയൽ മാഡ്രിഡ് ജേഴ്സിയിലെ അവസാനത്തെ മത്സരം ചാമ്പ്യൻസ് ലീഗ് ഫൈനലായിരുന്നു.ബൊറൂസിയയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം സ്വന്തമാക്കാൻ ക്രൂസിന് സാധിക്കുകയും ചെയ്തിരുന്നു.34 കാരനായ ക്രൂസ് തന്റെ പ്ലെയർ കരിയർ അവസാനിപ്പിക്കുകയാണ്. താരത്തിന്റെ അഭാവം റയലിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.
ക്രൂസിനെ ഈ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ നേരത്തെ റയൽ മാഡ്രിഡ് നടത്തിയിരുന്നു. പക്ഷേ ക്രൂസ് തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു.റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി ഇക്കാര്യത്തിൽ ഒരിക്കൽ കൂടി തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.ഒരൊറ്റ ഫോൺ കോൾ കൊണ്ട് ക്രൂസിന് റയൽ മാഡ്രിഡിലേക്ക് തിരിച്ചുവരാം എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.ആഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” നിർഭാഗ്യവശാൽ ടോണി ക്രൂസ് കളി അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. തീർച്ചയായും അദ്ദേഹത്തിന് അതിനുള്ള സ്വാതന്ത്ര്യവും അധികാരവും ഉണ്ട്. അദ്ദേഹം ജർമൻ ആണെങ്കിലും മാഡ്രിഡ് നഗരത്തിൽ തന്നെ ശിഷ്ടകാലം ജീവിക്കും എന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന് ഏത് നിമിഷം വേണമെങ്കിലും തന്റെ മനസ്സ് മാറ്റാം. തിരിച്ചുവരാൻ ഒരൊറ്റ ഫോൺകോൾ മാത്രം മതി. തൊട്ടടുത്ത ദിവസം ഞങ്ങൾ വീണ്ടും തുടങ്ങും ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
നേരത്തെ ജർമ്മനിയുടെ ദേശീയ ടീമിൽ നിന്നും ടോണി ക്രൂസ് വിരമിച്ചിരുന്നു.അതുകൊണ്ടുതന്നെ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അദ്ദേഹം കളിച്ചിരുന്നില്ല. പക്ഷേ സ്വന്തം നാട്ടിൽ വച്ചുകൊണ്ട് നടക്കുന്ന ഈ യൂറോകപ്പിന് വേണ്ടി ക്രൂസ് ജർമൻ ടീമിൽ തിരിച്ചെത്തുകയായിരുന്നു.യൂറോ കപ്പോട് കൂടി ജർമൻ ദേശീയ ടീമിൽ നിന്ന് വിടവാങ്ങാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.