ഒടുവിൽ പ്രതിഷേധം ഫലം കണ്ടു, ബാഴ്‌സയുടെ പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും ബർതോമ്യു രാജിവെച്ചു !

ഒടുവിൽ ബാഴ്സ ആരാധകരുടെ പ്രതിഷേധം ഫലം കണ്ടു. എഫ്സി ബാഴ്‌സലോണയുടെ പ്രസിഡന്റ്‌ ആയിരുന്ന ബർതോമ്യുവും അദ്ദേഹത്തിന് കീഴിലുള്ള ബോർഡും രാജിവെച്ചു. ബാഴ്സ തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് പ്രസിഡന്റ്‌ രാജിവെച്ച വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്. ചൊവ്വാഴ്ച നടന്ന യോഗത്തിന് ശേഷമായിരുന്നു ബർതോമ്യുവും ബോർഡും തങ്ങൾ രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. നവംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ ബർതോമ്യുവിനെതിരെ അവിശ്വാസപ്രമേയം ഒരുങ്ങുന്നുണ്ടായിരുന്നു. ഇത് മറികടക്കാൻ സാധിച്ചിട്ടില്ലെങ്കിലും ബർതോമ്യുവിന്റെ കസേര തെറിക്കുമായിരുന്നു. അത്കൊണ്ട് തന്നെ അതിന്റെ മുന്നോടിയായി പ്രസിഡന്റ്‌ സ്ഥാനം രാജിവെക്കാൻ ഇദ്ദേഹം നിർബന്ധിതനാവുകയായിരുന്നു. ക്ലബിലെ നിരവധി പ്രശ്നങ്ങളാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്.

ലയണൽ മെസ്സി അയച്ച ബറോഫാക്സും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും, സമീപകാലത്തെ ബാഴ്സയുടെ മോശം പ്രകടനവും കിരീടവരൾച്ചയും,ക്ലബിലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി എന്നീ കാര്യങ്ങളാണ് പ്രധാനമായും അദ്ദേഹം രാജിവെക്കാൻ കാരണം. 16000 വോട്ടുകൾ ശേഖരിച്ച ശേഷം അവിശ്വാസപ്രമേയം അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു. എന്നാൽ തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിൽ താൻ രാജിവെക്കാൻ ഒരു കാരണവും കാണുന്നില്ലെന്നും രാജിവെക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് പ്രതിഷേധം കനത്തിരുന്നു. തുടർന്നാണ് രാജിവെക്കാൻ തയ്യാറായത്. 2014 മുതൽ ആറു വർഷക്കാലം അദ്ദേഹം ബാഴ്സയുടെ തലപ്പത്തുണ്ട്. ജോൺ ലപ്പോർട്ടയുടെ കീഴിൽ ഡയറക്ടർ ആയി വന്ന ഇദ്ദേഹം 2014- സാൻഡ്രോ റോസൽ രാജിവെച്ചപ്പോൾ 2015 ജൂലൈ വരെ ബർതോമ്യു ആക്ടിങ് പ്രസിഡന്റ്‌ ആയിരുന്നു. തുടർന്ന് 2015-ൽ അദ്ദേഹം പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *