ഐതിഹാസികം ഈ നേട്ടം, എഴുന്നൂറിന്റെ ശോഭയിൽ ലയണൽ മെസ്സി

അങ്ങനെ തന്റെ കരിയറിൽ ഒരു നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ലയണൽ മെസ്സി. താരത്തിന്റെ കരിയറിൽ എഴുന്നൂറ് ഗോളുകൾ മെസ്സി പൂർത്തിയാക്കി കഴിഞ്ഞു. ഇന്നലെ അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെയാണ് മെസ്സി എഴുന്നൂറ് എന്ന മാന്ത്രികസംഖ്യയിൽ മുത്തമിട്ടത്. അർജന്റീനക്ക് വേണ്ടി എഴുപത് ഗോളുകളും ബാഴ്സക്ക് വേണ്ടി 630 ഗോളുകൾക്കാണ് മെസ്സി നേടിയത്. നിലവിൽ എഴുന്നൂറ് ഗോളുകൾ നേടി കളിക്കളത്തിൽ തുടരുന്ന രണ്ടേ രണ്ട് താരങ്ങൾ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ്.

രണ്ടാഴ്ച മുൻപേ തന്നെ മെസ്സി 699 ഗോളുകൾ പിന്നിട്ട് കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് മൂന്ന് മത്സരങ്ങളിൽ താരത്തിന് ഗോൾ വരൾച്ച നേരിടുകയായിരുന്നു. സെവിയ്യ, അത്ലറ്റികോ ബിൽബാവോ, സെൽറ്റ വിഗോ എന്നീ ടീമുകൾക്കെതിരെ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല. ഇന്നലെ പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെയാണ് അതിന് വിരാമമായത്. നിലവിൽ 862 മത്സരങ്ങളിൽ നിന്നാണ് 700 ഗോളുകൾ മെസ്സി നേടിയത്. ആകെ 321 അസിസ്റ്റുകളും സ്വന്തം പേരിൽ ഉണ്ട്. ബാഴ്സക്ക് വേണ്ടി 724 മത്സരങ്ങൾ ആണ് ആകെ മെസ്സി കളിച്ചത്. മെസ്സിയുടെ ഗോൾ റേഷ്യോ 0.87 പെർ ഗെയിം ആണ്. 2005 മെയ് ഒന്നിന് അൽബകറ്റക്കെതിരെയാണ് മെസ്സി ആദ്യഗോൾ കണ്ടെത്തിയത്. ആ യാത്ര ഇന്ന് ഇതുവരെ വന്നു നിൽക്കുന്നു. ഇനിയും താരത്തിന് ഒരുപാട് ഗോളുകൾ നേടാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *