എല്ലാ തരത്തിലും മഹത്തായ കാര്യം, മെസ്സിയെ വാനോളം പ്രശംസിച്ച് കൂമാൻ !

ഇന്നലെ ഒസാസുനക്കെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ വിജയം കരസ്ഥമാക്കിയത്. മത്സരത്തിൽ സൂപ്പർ താരങ്ങൾ എല്ലാം തന്നെ മിന്നും പ്രകടനം നടത്തുകയും ഗോളുകൾ നേടുകയും ചെയ്തിരുന്നു. സൂപ്പർ താരങ്ങളായ മെസ്സി, ഗ്രീസ്‌മാൻ, കൂട്ടീഞ്ഞോ എന്നിവർക്ക്‌ പുറമേ ബ്രൈത്വെയിറ്റ് കൂടി ഗോൾ കണ്ടെത്തുകയായിരുന്നു. ഗോൾ നേടിയതിന് ശേഷം തന്റെ ഗോൾ മെസ്സി മറഡോണക്ക്‌ സമർപ്പിച്ചിരുന്നു. ഫുട്ബോൾ ലോകത്തിന്റെ കയ്യടികൾ മെസ്സിയെ തേടിയെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മെസ്സിയെ ഇക്കാര്യത്തിൽ വാനോളം പ്രശംസിച്ചിരിക്കുകയാണ് പരിശീലകനായ കൂമാൻ. എല്ലാ തരത്തിലും മഹത്തായ കാര്യമാണ് മെസ്സി ചെയ്തത് എന്നാണ് കൂമാൻ അഭിപ്രായപ്പെട്ടത്. ന്യൂവെൽസ് ഓൾഡ് ബോയ്സിന്റെ പത്താം നമ്പർ ജേഴ്‌സി അണിഞ്ഞു കൊണ്ടാണ് മെസ്സി തന്റെ ഗോൾ പ്രിയപ്പെട്ട ഇതിഹാസത്തിന് സമ്മാനിച്ചത്. മറഡോണ ന്യൂവെൽസിന്റെ പത്താം ജേഴ്‌സി അണിഞ്ഞ് കളിച്ചിട്ടുണ്ട്. മെസ്സിയുടെ കുട്ടിക്കാലക്ലബും ന്യൂവെൽസ് ഓൾഡ് ബോയ്സ് ആയിരുന്നു.

” ഒരു മഹത്തായ താരം ചെയ്യുന്ന കാര്യങ്ങളാണ് മെസ്സി ചെയ്തിട്ടുള്ളത്. ആദ്യമായി മികച്ച പ്രകടനം നടത്തുകയും നല്ലൊരു ഗോൾ നേടുകയും ചെയ്തു. രണ്ടാമതായി ആ ഗോൾ മറഡോണക്ക്‌ സമർപ്പിക്കുകയും ചെയ്തു. ഇത് എല്ലാ തരത്തിലും മഹത്തായ ഒരു കാര്യമാണ്. മെസ്സി ഈ സെലിബ്രേഷൻ ചെയ്യുമെന്ന് എനിക്കറിവില്ലായിരുന്നു ” മത്സരശേഷം കൂമാൻ പറഞ്ഞു. മറഡോണക്ക്‌ വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് മത്സരത്തിന് മുമ്പ് തന്നെ കൂമാൻ പറഞ്ഞിരുന്നു. മറഡോണക്ക്‌ ആദരവ് അർപ്പിച്ചു കൊണ്ടായിരുന്നു ബാഴ്സ മത്സരത്തിനിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *