എന്നെ ഞാനാക്കിയ ക്ലബ്ബിനെ കോടതി കയറ്റണ്ട, ബാഴ്സയിൽ തുടരുമെന്ന് ഉറപ്പ് നൽകി മെസ്സി !

അങ്ങനെ ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും ആരാധകരുടെ ആധികൾക്കും വിരാമമായി. ഈ വരുന്ന സീസണിൽ കൂടി താൻ എഫ്സി ബാഴ്സലോണയുടെ ജേഴ്സിയിൽ ഉണ്ടാവുമെന്ന് ലയണൽ മെസ്സി തുറന്നു പറഞ്ഞു. ഇന്നലെ ഗോളിന് നൽകിയ അഭിമുഖത്തിലാണ് മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചത്. നിലവിൽ ബാഴ്സ വിടൽ സാധ്യമല്ലെന്നും അതിനാൽ തന്നെ ഈ സീസണിൽ കൂടി ബാഴ്സയിൽ തുടരുമെന്നും മെസ്സി അറിയിച്ചു. എന്റെ ആത്മാർത്ഥക്കോ ഇഷ്ടത്തിനോ ഒരു കുറവും സംഭവിച്ചിട്ടില്ലെന്നും തന്റെ പോരാട്ടം ബാഴ്സ മാനേജ്‌മെന്റിനെതിരെയാണ് എന്നുമാണ് മെസ്സി പറഞ്ഞത്.

” ഞാൻ എപ്പോഴും വിജയങ്ങൾ നേടാനും കിരീടങ്ങൾ നേടാനുമാണ് ശ്രമിക്കാറുള്ളത്. ലിസ്ബണിലെ തോൽവി വളരെയധികം വേദനിപ്പിച്ചു. റോമയിലും ലിവർപൂളിലും സംഭവിച്ചത് പോലെ ലിസ്ബണിൽ എങ്കിലും സംഭവിക്കാതിരിക്കാൻ വേണ്ട നടപടികൾ ബാഴ്സ എടുത്തില്ല. ഞാൻ കരുതിയത് ഞാൻ സ്വാതന്ത്ര്യനാണ് എന്നാണ്. സീസണിന്റെ അവസാനം നിനക്ക് വേണമെങ്കിൽ പോവാം എന്ന് പ്രസിഡന്റ്‌ എപ്പോഴും പറയുമായിരുന്നു. പക്ഷെ അദ്ദേഹം ഒരിക്കലും ജൂൺ പത്തിന് മുമ്പ് എന്ന് പറഞ്ഞിരുന്നില്ല. പക്ഷെ വൈറസ് എല്ലാം മാറ്റി മറിച്ചു. 700 മില്യൺ റിലീസ് ക്ലോസ് നൽകിയാൽ മാത്രമേ ക്ലബ് വിടാൻ സാധിക്കുകയൊള്ളൂ എന്ന് പ്രസിഡന്റ്‌ പറഞ്ഞു. അത്‌ അസാധ്യമാണ്. അത്കൊണ്ട് ആണ് ഞാൻ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചത്. ഞാൻ ഇഷ്ടപ്പെടുന്ന, എനിക്ക് എല്ലാം തന്ന, എന്നെ ഞാൻ ആക്കിയ, എന്റെ ജീവനായ ക്ലബ്ബിനെ കോടതി കയറ്റാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ” മെസ്സി തുടർന്നു.

” ഞാൻ എനിക്ക് ഉണ്ടായിരുന്നു അതേ ആത്മാർത്ഥയോട് കൂടി തന്നെ ബാഴ്സയിൽ തുടരും. എനിക്ക് ക്ലബ്‌ വിടണമെന്ന കാര്യം എന്റെ മത്സരങ്ങളെ ബാധിക്കില്ല. എന്റെ പരമാവധി ഞാൻ ചെയ്യും. ഞാൻ തോൽവികൾ ആഗ്രഹിക്കുന്നില്ല. എനിക്കെപ്പോഴും വിജയിക്കണം. ഞാൻ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട് ക്ലബ്ബിന്റെ ഈ അവസ്ഥയിൽ ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയില്ലെന്ന്. ഇപ്പോൾ പുതിയ പരിശീലകൻ വന്നിട്ടുണ്ട്. നല്ല കാര്യമാണ്. എനിക്ക് ആകെ പറയാനുള്ളത് എന്തെന്ന് വെച്ചാൽ ഞാൻ ഇവിടെ തുടരും. ഞാൻ എന്റെ ഏറ്റവും മികച്ചത് ക്ലബ്ബിന് നൽകുകയും ചെയ്യും ” മെസ്സി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *