എന്നെക്കാൾ മുൻതൂക്കം വിനിക്ക് തന്നെ: ബാലൺഡി’ഓറിന്റെ കാര്യത്തിൽ പ്രതികരണവുമായി ബെല്ലിങ്ങ്ഹാം!
ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്ത താരങ്ങളാണ് ജൂഡ് ബെല്ലിങ്ങ്ഹാമും വിനീഷ്യസ് ജൂനിയറും.നിരവധി ഗോളുകളും അസിസ്റ്റുകളും ഈ രണ്ടു താരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.റയലിന്റെ ഈ സീസണിലെ കുതിപ്പിൽ വലിയ പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുള്ള താരങ്ങൾ തന്നെയാണ് ഇരുവരും. അതുകൊണ്ടുതന്നെ നിലവിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ സാധ്യത കൽപ്പിക്കപ്പെടുന്നത് ഈ രണ്ടു താരങ്ങൾക്കുമാണ്.
വരുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിനും കോപ്പ അമേരിക്ക,യുറോ കപ്പ് തുടങ്ങിയ ടൂർണമെന്റുകൾക്കും ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട്. എന്നാൽ തന്നെക്കാൾ മുൻതൂക്കം വിനീഷ്യസിനാണ് എന്നുള്ള കാര്യം ബെല്ലിങ്ങ്ഹാം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. മുന്നേറ്റ നിര താരങ്ങൾക്കാണ് ബാലൺഡി’ഓർ സാധ്യത കൂടുതലൊന്നും ഈ സീസണിലെ ഏറ്റവും മികച്ച താരം വിനിയാണെന്നും ബെല്ലിങ്ങ്ഹാം പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ അങ്ങനെ എപ്പോഴും അതിനെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയല്ല.ബാലൺഡി’ഓർ എപ്പോഴും ലഭിക്കാൻ സാധ്യതയുള്ള താരങ്ങൾ സ്ട്രൈക്കർമാരും വിങ്ങർമാരുമാണ്. അത്തരത്തിലുള്ള ഫ്ലാഷി പ്ലെയേഴ്സിനാണ് സാധ്യത കൂടുതൽ. ആരാധകരെ എന്റർടൈൻ ചെയ്യിപ്പിക്കാൻ എനിക്ക് സാധിക്കും എന്നെനിക്കറിയാം. പക്ഷേ വിനീഷ്യസ് ജൂനിയർ ചെയ്യുന്ന പോലെ എനിക്ക് പറ്റില്ല.ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്, ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച താരം വിനീഷ്യസാണെന്ന്.തീർച്ചയായും അദ്ദേഹവും എന്നെക്കുറിച്ച് ഇങ്ങനെ പറയാനാണ് ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള ഒരു റിലേഷൻഷിപ്പാണ് ഞങ്ങൾ തമ്മിലുള്ളത്. നമ്മുടെ സഹതാരങ്ങൾ നമ്മുടെ ബെസ്റ്റ് ഫ്രണ്ട്സ് കൂടിയാൽ അതിന്റെ ഗുണം നമുക്ക് കളിക്കളത്തിൽ ലഭിക്കുക തന്നെ ചെയ്യും.അദ്ദേഹവും ഞാനും തമ്മിലുള്ള പരസ്പര ധാരണ വേറെയാണ്. അദ്ദേഹത്തിന് ബാലൺഡി’ഓർ ലഭിച്ചാൽ തീർച്ചയായും ഞാനും അഭിമാനിക്കും.കാരണം അദ്ദേഹത്തിന്റെ സക്സസിൽ സഹായിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് ” ഇതാണ് ബെല്ലിങ്ങ്ഹാം പറഞ്ഞിട്ടുള്ളത്.
കളിക്കളത്തിൽ രണ്ടുപേരും പരസ്പരം സഹായിക്കുന്നവരാണ്. അതുകൊണ്ടുതന്നെയാണ് രണ്ടുപേർക്കും ഒരുപോലെ തിളങ്ങാൻ കഴിഞ്ഞിട്ടുള്ളത്. ഏതായാലും ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നതാണ് ഇപ്പോൾ രണ്ട് താരങ്ങളുടെയും മുന്നിലുള്ള ലക്ഷ്യം. ജർമ്മൻ ക്ലബ് ആയ ബൊറൂസിയ ഡോർട്മുണ്ടാണ് ഫൈനലിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ.