എന്ത് കൊണ്ട് എംബപ്പേ പിഎസ്ജി വിട്ട് റയലിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നു? ചില കാരണങ്ങൾ!

സൂപ്പർ താരം കിലിയൻ എംബപ്പേ പിഎസ്ജി വിട്ട് റയലിലേക്ക് പോവാൻ ആഗ്രഹമുണ്ട് എന്നുള്ള കാര്യം നേരത്തേ തന്നെ വ്യക്തമായതാണ്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സൂപ്പർ താരങ്ങളാൽ സമ്പന്നമായ, കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകൾ വാഗ്ദാനം ചെയ്യപ്പെട്ടിട്ടും എന്ത് കൊണ്ട് എംബപ്പേ പിഎസ്ജി വിട്ട് റയലിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ ചില കാരണങ്ങൾ മാർക്ക പുറത്ത് വിട്ടിട്ടുണ്ട്. അതൊന്ന് പരിശോധിക്കാം.

1- ഒന്നാമതായി എംബപ്പേയുടെ കുട്ടിക്കാലം മുതലേയുള്ള സ്വപ്നമാണ് റയലിന് വേണ്ടി കളിക്കുക എന്നുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനായ എംബപ്പേ റയലിന്റെ കൂടെ ആരാധകനാണ് എന്നുള്ള കാര്യം മുമ്പ് തന്നെ വ്യക്തമായ കാര്യമാണ്.അദ്ദേഹത്തിന്റെ റൂമിലെ ചിത്രങ്ങൾ ഒക്കെ തന്നെയും അതിന് തെളിവായിരുന്നു.

2- രണ്ടാമതായി മെസ്സിയും റാമോസുമൊക്കെയുള്ള പിഎസ്ജി വിടാൻ എംബപ്പേ തയ്യാറാവുമോ എന്നുള്ളതാണ് ചോദ്യം.2017-ൽ മൊണോക്കോയിൽ ആയിരുന്ന സമയത്ത് തന്നെ എംബപ്പേക്ക്‌ റയലിൽ നിന്നും ഓഫർ ലഭിച്ചിരുന്നു. പക്ഷേ അന്ന് എംബപ്പേ റയലിലെ താരബാഹുല്യം കാരണം നിരസിക്കുകയായിരുന്നു. അതായത് തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാനുള്ള അവസരമാണ് അന്ന് എംബപ്പേ നിരസിച്ചത്. ഇതാണ് നിലവിൽ റയലിലേക്ക് ചേക്കേറാനുള്ള യഥാർത്ഥ സമയം എന്നാണ് എംബപ്പേ വിശ്വസിക്കുന്നത്. അത്കൊണ്ട് തന്നെ തന്റെ സ്വപ്നം നടപ്പിലാവാൻ എന്തും ത്യജിക്കാൻ എംബപ്പേ തയ്യാറാണ്.

3- നിലവിൽ റയലിൽ ഒരു ലീഡറുടെ അഭാവമുണ്ട്. ആ സ്ഥാനമാണ് റയൽ താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. റയലിനെ പോലെയുള്ള ഒരു ക്ലബ്ബിന്റെ മെയിൻ സ്റ്റാറാവൻ എംബപ്പേക്ക്‌ സാധിക്കും. ഇതും അദ്ദേഹത്തെ റയലിലേക്ക് എത്തുന്നതിന് പ്രേരിപ്പിക്കുന്ന ഘടകമാണ്.

4- ബെൻസിമയുടെ സ്വാധീനമാണ് അടുത്ത ഘടകം.ഈ കഴിഞ്ഞ യൂറോ കപ്പിൽ എംബപ്പെയും ബെൻസിമയും ഫ്രഞ്ച് ടീമിന് വേണ്ടി ഒരുമിച്ച് കളിച്ചിരുന്നു.എംബപ്പേ കൺവിൻസ്‌ ചെയ്യാൻ ബെൻസിമക്ക്‌ കഴിഞ്ഞു എന്നാണ് അനുമാനിക്കപ്പെടുന്നത്.

ഈ കാരണങ്ങൾ ഒക്കെ തന്നെയും എംബപ്പേയെ സ്വാധീനിച്ച കാര്യങ്ങളാണ്. ഇനി ഈ ട്രാൻസ്ഫർ ജാലകത്തിൽ റയലിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും ഫ്രീ ഏജന്റായി കൊണ്ട് അടുത്ത സമ്മറിൽ എത്താനാവും താരത്തിന്റെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *