എന്ത്കൊണ്ട് റയൽ വിട്ടു? കാരണം വ്യക്തമാക്കി കെയ്‌ലർ നവാസ്!

2014 മുതൽ 2019 വരെ റയൽ മാഡ്രിഡിന്റെ ഗോൾവലകാത്തിരുന്നത് കെയ്‌ലർ നവാസായിരുന്നു. റയലിന്റെ ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ വളരെ വലിയൊരു പങ്ക് നവാസ് വഹിച്ചിട്ടുണ്ട്. എന്നാൽ 2019-ൽ അദ്ദേഹം റയൽ വിട്ട് പിഎസ്ജിയിലേക്ക് എത്തുകയായിരുന്നു. പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്താൻ സാധിച്ചുവെങ്കിലും കിരീടം നേടാൻ സാധിക്കാതെ പോവുകയായിരുന്നു. ഏതായാലും റയൽ വിടാനുള്ള കാരണങ്ങൾ വിശദീകരിച്ചിരിക്കുകയാണ് കെയ്‌ലർ നവാസ്. റയലിൽ അപ്പോൾ ബുദ്ധിമുട്ടേറിയ സമയമായിരുന്നുവെന്നും അത്തരം സന്ദർഭങ്ങളിൽ തിരഞ്ഞെടുക്കേണ്ടി വന്നു എന്നുമാണ് നവാസ് അറിയിച്ചത്. ദൈവത്തിന്റെ ഹിതമനുസരിച്ചാണ് താൻ റയൽ വിട്ട് പിഎസ്ജിയിൽ എത്തിയതെന്നും നവാസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിലാണ് നവാസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

” റയലിൽ അതൊരു ബുദ്ദിമുട്ടേറിയ സമയമായിരുന്നു. അത്തരം സന്ദർഭങ്ങളിൽ നമ്മൾ തിരഞ്ഞെടുക്കേണ്ടി വരും.ഞാൻ ദൈവത്തിൽ ഭാരമേൽപ്പിച്ചിരിക്കുകയായിരുന്നു.ദൈവത്തിന്റെ ഹിതമനുസരിച്ചും സഹായത്താലുമാണ് ഞാൻ റയൽ വിട്ട് പിഎസ്ജിയിലേക്ക് എത്തിയത്.പക്ഷെ സഹതാരങ്ങളും സിദാനും വളരെ നല്ല രീതിയിലായിരുന്നു എന്നോട് പെരുമാറിയിരുന്നത്.പക്ഷെ അവിടെ നിയന്ത്രിക്കാൻ കഴിയാത്ത ചില കാര്യങ്ങൾ ഉണ്ടായിരുന്നു ” നവാസ് പറഞ്ഞു. തിബൗട്ട് കോർട്ടുവയുടെ വരവോടെ കെയ്‌ലർ നവാസിന് അവസരങ്ങൾ കുറയുകയായിരുന്നു. ഇതോടെയാണ് താരം പിഎസ്ജിയിലേക്ക് ചേക്കേറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!